Cinemapranthan

‘മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വീഡിയോ എന്നെ അസ്വസ്ഥയാക്കി’; നടി ശ്രുതി ഹരിഹരൻ

ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണാൻ ജയിലിൽ എത്തുന്നത്

ആര്യൻ അറസ്റ്റിലായി ദിവസങ്ങൾ പിന്നിട്ടിട്ടും തന്റെ മകനെ കാണാൻ ഷാരൂഖ് ഖാൻ സാധിച്ചിരുന്നില്ല. അറസ്റ്റിനു ശേഷം അവർ തമ്മിലുള്ള ആദ്യ കൂടികാഴ്ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാനോടുള്ള മാധ്യമങ്ങളുടെയും പൊതുജങ്ങളുടെയും തികച്ചും മോശമായ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രുതി ഹരിഹരൻ. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യന്റെ ജാമ്യം രണ്ടാമതും തള്ളിയ സാഹചര്യത്തിലാണ് താരം മകനെ കാണാൻ എത്തിയത്. മാധ്യമങ്ങളും ജനങ്ങളും അദ്ദേഹത്തെ തടഞ്ഞു നിർത്തി വേട്ടയാടിയ വീഡിയോ തന്നെ അസ്വസ്ഥമാക്കിയെന്ന് നടി ശ്രുതി ഹരിഹരൻ കുറിച്ചു.

ശ്രുതി ഹരിഹരന്റെ കുറിപ്പ്

‘മകനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സൂപ്പർസ്റ്റാർ പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വീഡിയോ എന്നെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല. നിയമത്തിന് മുന്നിൽ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കരിക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകൾ കാണുമ്പോൾ കൗതുകം തോന്നുന്നു’.

ആര്യന്റെ അറസ്റ്റിനു ശേഷമുള്ള ഷാരൂഖ് ഖാന്റെ ആദ്യ കൂടി കാഴ്ചയായിരുന്നു ഇത്. ഇന്നലെ രാവിലെ 9 മണിക്കാണ് ഷാരൂഖ് ആർതർ റോഡ് ജയിലിൽ എത്തിയത്. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഒരു ചില്ല് മറക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ഇന്റർകോം വഴിയാണ് ഇരുവരും സംസാരിച്ചത്. സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള 20 മിനിട്ടാണ് താരത്തിനു മകനുമായി സംസാരിക്കുവാനായി ലഭിച്ചത്.

അതേസമയം ആര്യൻറെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെ നീട്ടി. കേസിൽ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർ ഉൾപ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും ഒക്ടോബർ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

cp-webdesk