Cinemapranthan

‘ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ, സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല’: ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ

എന്നെ സിനിമയിൽ “മേനവനേ ” എന്നു മാത്രം സംബോധന ചെയ്യുന്ന , എന്റെ ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു ….

അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് ഫേസ്ബുക്ക് കുറുപ്പുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ്, സിനിമയിലെ തുടക്കത്തിലെ അമരക്കാരനാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം സംവിധാനം ചെയ്ത സിനിമയിലെയും പാട്ടിന്റെ വരികളും ആദ്യമായി പാടിയ പാട്ടിന്റെ വരികളും ബിച്ചു തിരുമലയുടേതാണെന്നും ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക് കുറുപ്പ്;

എന്റെ ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’യുടെ ഗാനരചയിതാവ് …അതായത് , സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരൻ ..( ജയവിജയ – സംഗീതം ) എന്നെ ജനകീയ സംവിധായകനാക്കിയ “അണിയാത്തവളകളിൽ ….. സംഗീതാസ്വാദകർക്കു “ഒരു മയിൽ‌പ്പീലി ” സമ്മാനിച്ച പ്രതിഭാധനൻ ……എന്റെ ആദ്യ നിർമ്മാണ സംരംഭമായ ” ഒരു പൈങ്കിളിക്കഥ ” യിലൂടെ ഞാൻ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം …… എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായ “ഏപ്രിൽ 18 ” ലൂടെ “കാളിന്ദീ തീരം ” തീർത്ത സർഗ്ഗധനൻ ……എന്തിന് ? രവീന്ദ്ര സംഗീതത്തിന് തുടക്കമിട്ട “ചിരിയോ ചിരി” യിൽ “ഏഴുസ്വരങ്ങൾ….” എന്ന അക്ഷരക്കൊട്ടാരം തീർത്ത കാവ്യശിൽപ്പി …..ഏറ്റവും ഒടുവിൽ എന്റെ സംഗീത സംവിധാനത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട “കൃഷ്ണ ഗോപാൽകൃഷ്ണ “എന്ന ചിത്രത്തിന് വേണ്ടി ഒത്തു കൂടിയ ദിനങ്ങൾ …രാവിലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് മനസ്സിനെ നൊമ്പരപ്പെടുത്തിയ ഈ വാർത്ത കേട്ടപ്പോൾ മനസ്സിലൂടെ കടന്നുപോയ ചില ചിതറിയ ചിന്തകൾ …. ബിച്ചു ….അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങൾ ….എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല ….തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സിൽ സജീവമായിത്തന്നെ നില നിൽക്കും ….എന്നെ സിനിമയിൽ “മേനവനേ ” എന്നു മാത്രം സംബോധന ചെയ്യുന്ന , എന്റെ ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു ….

മലയാളികൾക്ക് മരിക്കുവോളം മറക്കാൻ കഴിയാത്ത ഒരായിരം ഗാനങ്ങൾ എഴുതി നൽകിയാണ് ഗാനരചയിതാവ് ബിച്ചു തിരുമല കാലയവനികയിലേക്ക് മറഞ്ഞത്. പ്രണയവും വിരഹവും താരാട്ടും എല്ലാം മാറി മാറി സമ്മാനിച്ച ഒരുപിടി ഗാനങ്ങൾ ഇന്നും മലയാളത്തിന്റെ നാവിൻ തുമ്പിലുണ്ട്. അത് കൊണ്ട് തന്നെ സിനിമാലോകത്തിനെന്നല്ല സംഗീതത്തെ സ്നേഹിക്കുന്നവർക്ക്, കേരളത്തിന് ആകെ ഒരു തീരാ നഷ്ടമാണ് ബിച്ചു തിരുമലയുടെ മരണം നൽകിയിരിക്കുന്നത്.. എങ്കിലും ജീവിതത്തിലെ നല്ല ഓർമ്മകളായി മാറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആർക്കും മറക്കാനാവില്ല.. എവിടെയൊക്കെയോ ചേർന്ന് നിൽക്കുന്ന, ചേർത്ത് പിടിക്കാൻ കഴിഞ്ഞ ആ ഗാനങ്ങളിലൂടെ ബിച്ചു തിരുമല അനശ്വരതയിൽ ജീവിക്കും

ALSO READ:

cinema pranthan