Cinemapranthan

തിയറ്ററുകളില്‍ ഇനി നെയ്യാറ്റിന്‍കര ഗോപന്‍റെ ‘ആറാട്ട്’: ട്രെയിലർ നാളെ; ശ്രദ്ധേയമായി പ്രൊമോ വീഡിയോ

ജനുവരി ഒന്നിന് രാവിലെ 11 മണിക്കാണ് സിനിമയുടെ ട്രെയിലർ എത്തുന്നത്

ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്ത് വിടും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറിന് മുന്‍പുള്ള പ്രൊമോ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ ഇന്നലെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് . ജനുവരി ഒന്നിന് രാവിലെ 11 മണിക്കാണ് സിനിമയുടെ ട്രെയിലർ എത്തുന്നത്. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററിൽ എതുന്നത്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് മറ്റു താരങ്ങള്‍.

cinema pranthan