Cinemapranthan

‘മിന്നൽ മുരളി’ക്ക് ഇത് അഭിമാന നിമിഷം; ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്.

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രം മിന്നൽ മുരളിയെ വരവേൽക്കാൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടോവിനോ സൂപ്പർ ഹീറോ പരിവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾക്ക് ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിന്റെ ട്രെയിലിനോടൊപ്പം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്നും അദ്ദേഹം കുറിച്ചു. ദേശീയ തലത്തിൽ ശ്രദ്ധ ആകര്ഷിക്കപ്പെടുന്നു എന്നത് മിന്നൽ മുരളി എന്ന ചിത്രത്തിന്റെ അഭിമാന നേട്ടമാണ്.

എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്‌സ്’, ‘റെഡി പ്ലയർ വൺ’, ‘അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. രണ്ട് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള അലൻ സിൽവെസ്ട്രി രണ്ട് തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും കരസ്ഥമാക്കിയിട്ടുണ്ട്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ തോമസ് ഒരുക്കുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്ശനത്തിനെത്തുണ്ട്. ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്ക് മെരുപ്പ് മുരളി, കന്നഡ മിഞ്ചു മുരളി എന്നീ പേരുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതിൻറെ ചിത്രത്തിൽ വിഎഫ്എക്സിനും സംഘട്ടനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് മിന്നൽ മുരളിയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻറെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം. ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

cinema pranthan