Cinemapranthan

നോറ ഫതേഹിയെ ചോദ്യം ചെയ്ത് ഇ ഡി; നടപടി 200 കോടിയുടെ വഞ്ചനാ കേസിൽ

200 കോടിയുടെ വഞ്ചനാ കേസിൽ ബോളിവുഡ് അഭിനേത്രി നോറ ഫതേഹിയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട കേസിൽ ആണ് നടപടി. ഇഡിയുടെ ഡൽഹി ഓഫീസിൽ വ്യാഴാഴ്ച രാവിലെയാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്.

നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുറമേ, ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീനയും സുകേഷും നിലവിൽ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ ഉണ്ട്.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.

cp-webdesk