Cinemapranthan

എമ്പുരാൻ ഒരുങ്ങുന്നത് മരക്കാറിനെക്കാളും വലിയ ബഡ്ജറ്റിൽ: മോഹൻലാൽ

‘ദി ക്യൂ’ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. നടന്‍ മുരളി ഗോപിയുമായിരുന്നു ചിത്രത്തിന്റെ തിരക്കഥ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നതായി അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യ, ടൊവിനോ തോമസ്, ഇന്ദ്രിജിത്ത്, വിവേക് ഒബ്‌റോയ്, ഷാജോൺ തുടങ്ങിയ വലിയ താര നിരയിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും ഒട്ടേറെ വാർത്തകളും പ്രചരിച്ചിരുന്നു.

ലൂസിഫര്‍ അവസാനിച്ചത് തന്നെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കി കൊണ്ടായിരുന്നു. രണ്ടാം ഭാഗമായ എമ്പുരാനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ബഡ്ജറ്റിനെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എമ്പുരാൻ മരക്കാറിനെക്കാളും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് മോഹൻലാൽ പറയുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ‘ദി ക്യൂ’ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന് പല ഘടകങ്ങൾ ഉണ്ടെന്നും, തനിക്ക് ഇഷ്ടമുള്ളൊരു സിനിമ ചെയ്യണമെങ്കിൽ ഞാൻ തന്നെ ആ ചിത്രം നിർമ്മിക്കണമെന്നും മോഹൻലാൽ പറയുന്നു.

‘അതേസമയം മരക്കാരിനെ പോലുള്ള ചിത്രം ഞാൻ മറ്റൊരാളെ കൊണ്ട് നിർമിപ്പിച്ചിരുന്നെങ്കിൽ ഇത്രയും കാലം അവരെക്കൊണ്ട് കാത്തിരിപ്പിക്കുക എന്നത് സങ്കടകരമായ കാര്യമാണ്. ഇപ്പോൾ എമ്പുരാൻ എന്ന ചിത്രം മരക്കാരിനെക്കാളും വലിയ കോസ്റ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. അത്തരമൊരു സിനിമയെടുക്കാൻ ഞങ്ങൾ തന്നെ തയ്യാറാവുകയാണ്’. ബറോസ് പോലുള്ള വലിയ സിനിമകൾ മലയാളത്തിന് കൂടുതൽ മാർക്കറ്റ് ഉണ്ടാക്കട്ടെ എന്ന് താൻ പ്രാർത്ഥിക്കുകയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ALSO READ: ചരിത്രം കുറിച്ച് ‘മരക്കാർ’; റിസർവേഷനിലൂടെ 100 കോടി; ഇന്ത്യൻ സിനിമയിൽ ആദ്യം

എമ്പുരാന്‍ എത്ര വലിയ സിനിമയായിരിക്കും എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഒരിക്കൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു ‘സിനിമയുടെ വലിപ്പം നശ്ചയിക്കുന്നത് കാഴ്ചക്കാരാണെന്നായിരുന്നു. സ്‌ക്രീനില്‍ പ്രേക്ഷകന് തോന്നുന്നതാണ് സിനിമയുടെ വലുപ്പം’

സിനിമ വളരുന്നത് മുരളി ഗോപിയുടേയും പൃഥ്വിരാജിന്റേയും കൂടിക്കാഴ്ചകളിലൂടെയാണോ എന്ന ചോദ്യത്തിന് മുരളി ഗോപിയാണ് മറുപടി പറയുന്നത്. വളരെ വിശദമായി എഴുതിയ ശേഷമാണ് തങ്ങള്‍ ഇരിക്കുന്നതെന്നും ഓരോ തവണ സംസാരിക്കുമ്പോഴും അതു വളരുമെന്നും മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം തന്നെ ഷൂട്ട് നടക്കുമെന്നാണ് കരുതുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്. എഴുത്തു പൂര്‍ണമായ ശേഷം ഷൂട്ട് തുടങ്ങാനായി സിനിമ പൂര്‍ണമായും ഡിസൈന്‍ ചെയ്യണം. അതു ചെയ്ത ശേഷം മാത്രമേ ഞാന്‍ തുടങ്ങാറുള്ളു. ഇതുപോലുള്ളൊരു സിനിമ ഡിസൈന്‍ ചെയ്യാന്‍ സമയമെടുക്കും എന്നും പൃഥ്വിരാജ് പറയുന്നു. പറ്റിയ ലൊക്കേഷനുകള്‍ക്കായി യാത്ര ചെയ്യേണ്ടിവരുമെന്നും അതനുസരിച്ചു ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടിവരുമെന്നും സംവിധായകന്‍ പറയുന്നു.

നിര്‍മാതാവിനു പൂര്‍ണമായും സിനിമയുടെ ഷൂട്ടിങ് ഡിസൈന്‍ നല്‍കും. എനിക്കു വേണ്ടത് അവരോടു പറയും. അത് എങ്ങനെ നല്‍കാമെന്ന് അവര്‍ തീരുമാനിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. അതീവ ഗൗരവ്വമുള്ളൊരു വിഷയമാണ് ലൂസിഫര്‍ കൈാര്യം ചെയ്തത്. എമ്പുരാനും യൂണിവേഴ്‌സലായൊരു വിഷയം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയായിരിക്കുമെന്നും മുരളി ഗോപി പറയുന്നു.

ALSO READ: ‘വിളിച്ചാൽ ഫോൺ എടുക്കില്ല ഈ മനുഷ്യൻ’; ടിവി ഷോയിൽ ബച്ചനെക്കുറിച്ച് പരാതിയുമായി ഭാര്യ

അതേസമയം വലിയ റെക്കോർഡ് നേട്ടവുമായി മരക്കാർ നാളെ റിലീസിന് എത്തുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. റിസേർവേഷനിലൂടെയാണ് മോഹൻലാൽ–പ്രിയദർശൻ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം 100 കോടി ക്ലബ് നേട്ടം കൈവരിച്ചത്. റിസർവേഷനിലൂടെ മാത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡാണ് ഇതോടെ മരയ്ക്കാർ നേടിയത്. റിലീസ് പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു.

അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചരിത്ര മുഹൂർത്തതിനാണ് നാളെ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്നാണ് മോഹൻലാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

cinema pranthan