Cinemapranthan

മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് സൂര്യ

‘ജയ് ഭീം’ ചിത്രത്തെ പ്രശംസിച്ച് മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്തിരുന്നു

മന്ത്രി മുഹമ്മദ് റിയാസിന് നന്ദി അറിയിച്ച് നടന്‍ സൂര്യ. സൂര്യ നായകനായി എത്തിയ ‘ജയ് ഭീം’ ചിത്രത്തെ പ്രശംസിച്ച് മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്തിരുന്നു. തുടർന്നാണ് സൂര്യ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. ‘ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു’ എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമായി മാറിയ ‘ജയ് ഭീം’ എന്ന സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. ടി ജെ ജ്ഞാനവേൽ കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജാതി രാഷ്ട്രീയമാണ് പറയുന്നത്. നേരത്തെ ഫേസ്ബുക്കിലും പി എ മുഹമ്മദ് റിയാസ് ‘ജയ് ഭീമിനെ’ പ്രശംസിച്ച് കുറിപ്പ് പങ്ക് വെച്ചിരുന്നു. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ചിത്രമെന്നാണ് മുഹമ്മദ് റിയാസ് കുറിച്ചത്.

അതെ സമയം കഴിഞ്ഞ ദിവസം ‘ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനെതിരെ സംവിധായകൻ പാ രഞ്ജിത്ത്, വെട്രിമാരൻ, നടൻ സിദ്ധാർഥ് എന്നിവർ ഉൾപ്പടെ സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ സൂര്യക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.

എന്നാൽ ‘ജയ് ഭീം’ ഐഎംഡിബി പട്ടികയില്‍ ഒന്നാമതാണ്. ടോം റോബിന്‍സും മോര്‍ഗന്‍ ഫ്രീമാനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഷോഷാങ്ക് റിഡംപ്ഷനെ പിന്തള്ളിയാണ് ‘ജയ് ഭീം’ ഒന്നാം സ്ഥാനത്തെത്തിയത്. ഷോഷാങ്ക് റിഡംപ്ഷന്‍ ഐഎംഡിബിയില്‍ 9.3 റേറ്റിങ്ങാണ് നേടിയിരുന്നത്. എന്നാൽ 9.6 റേറ്റിങ്ങ് ആണ് ‘ജയ് ഭീം’ നേടിയിരിക്കുന്നത്.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ സൂര്യയുടെ അഭിനയ ജീവിതത്തിലെ 39-ാം ചിത്രമാണ്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിൽ വക്കീലിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യക്കൊപ്പം മലയാളി താരങ്ങളായ ലിജോ മോൾ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചവരായിരുന്നു. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം.

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠനാണ്. രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ‘ജയ് ഭീം’ റിലീസ് ചെയ്തത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

cinema pranthan