Cinemapranthan

ഫിലിപ്പ് ജോണിന്റെ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി സാമന്ത

‘അറേഞ്ച്‌മേന്റസ് ഓഫ് ലൗ’ എന്ന ചിത്രത്തിൽ ബൈ സെക്ഷ്വല്‍ തമിഴ് സ്ത്രിയായിട്ടാണ് സാമന്ത എത്തുന്നത്

ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. ‘ഡൗണ്ടണ്‍ ആബീ’യിലൂടെ ബാഫ്റ്റ് അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ ഫിലിപ്പ് ജോൺ സംവിധാനം ചെയ്യുന്ന ‘അറേഞ്ച്‌മേന്റസ് ഓഫ് ലൗ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത ഹോളിവുഡിലേക്ക് കടക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ സാമന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിഷന് പോയ വിവരം ഫിലിപ്പ് ജോണിന് ഒപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ് താരം അറിയിച്ചത്.

സാമന്തയുടെ കുറിപ്പ്

‘ഒരു പുതിയ ലോകം… 2009-ല്‍ യെ മായ ചേസേയ്ക്ക് വേണ്ടിയാണ് ഞാന്‍ അവസാനമായി ഓഡിഷന്‍ നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഓഡിഷനില്‍ പോയി, അന്ന് അനുഭവപ്പെട്ട അതേ പേടീ എനിക്കനുഭവപ്പെട്ടു… ബാഫ്റ്റ് അവാര്‍ഡ് നേടിയ, നീരൂപക പ്രശംസ നേടിയ, നിങ്ങളുടെ പ്രിയപ്പെട്ട സിരീസായ ഡൗണ്ടണ്‍ ആബീയുടെ സംവിധായകന്‍. സാര്‍ എന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷം കൊണ്ട് ഞാന്‍ തുളളിച്ചാടി. ഫിലിപ്പ് ജോണ്‍… ഈ അവസരം തന്നതിന് നന്ദി. ആകാംഷയോടെയുളള യാത്ര ആരംഭിക്കാനായി എനിക്ക് കാത്തിരിക്കാനാവില്ല’ സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘പുതിയ ലോകം.. നന്ദി..’ എന്ന് ട്വിറ്ററിലൂടെയും സാമന്ത അറിയിച്ചിരിക്കുകയാണ്. തിമേറി എന്‍ മുറൈയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ബൈ സെക്ഷ്വല്‍ തമിഴ് സ്ത്രിയായിട്ടാണ് സാമന്ത എത്തുന്നത്.

നയന്‍താര, വിജയ് സേതുപതി എന്നിവർക്കൊപ്പം ‘കാതുവാകുല രണ്ട് കാതല്‍’ എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സാമന്ത നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.

cinema pranthan