റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബ് സ്വന്തമാക്കി മരയ്ക്കാർ. റിസേർവേഷനിലൂടെയാണ് മോഹൻലാൽ–പ്രിയദർശൻ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം 100 കോടി ക്ലബ് നേട്ടം കൈവരിച്ചത്. റിസർവേഷനിലൂടെ മാത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡാണ് ഇതോടെ മരയ്ക്കാർ നേടിയത്. റിലീസ് പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു.
കാത്തിരുപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഡിസംബർ 2നാണ് മരക്കാർ പ്രേഷകരിലേക്കെത്തുന്നത്. നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മരക്കാർ തീയേറ്ററുകളിലെത്തുന്നത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചരിത്ര മുഹൂർത്തതിനാണ് നാളെ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്നാണ് മോഹൻലാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

കേരളത്തിൽ മൊത്തം 631 റിലീസ് സ്ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 എണ്ണത്തിലും നാളെ ‘മരക്കാർ’ ആണ് പ്രദർശിപ്പിക്കുന്നത്. അതേ സമയം ലോകവ്യാപകമായി 4100 ത്തിലധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. ആദ്യമായിട്ടാണ് കേരളത്തിൽ ഇത്രയധികം സ്ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘മരക്കാർ’ നൂറുകോടി മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്.
അതേ സമയം ആദ്യം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം റിലീസിനു ശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനമുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. അതിനുള്ള ചർച്ചകൾ നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്. മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്.
മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്ജുന്, ഫാസില്‍, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.