മാധവിക്കുട്ടിയുടെ സ്മരണകൾ പേറുന്ന ഒരു പൂക്കാലം

കാലവും സാഹിത്യലോകവും ജീനിയസിന്റെ പാദ മുദ്രകൾ നൽകി അംഗീകരിച്ച എഴുത്തുകാരിയാണ് മലയാളികളുടെ മാധവിക്കുട്ടി, ഇന്ത്യയുടെ കമലാ ദാസ്! തീക്ഷ്ണമായി നമ്മെ വാക്കുകളിലൂടെ മോഹിപ്പിച്ച ആ എഴുത്തുകാരി ഇനി നമ്മെ വെള്ളിത്തിരയിലൂടെയും വിസ്മയിപ്പിക്കും, കാരണം കമൽ ഒരുക്കിയ, മഞ്ജു വാരിയർ മാധവിക്കുട്ടിയുടെ കുപ്പായം അണിഞ്ഞ ആമി അത്രമേൽ പ്രേക്ഷക ഹൃദയങ്ങളെ, അവരുടെ ആരാധകരെ സ്പർശിക്കുന്ന ഒരു ചലച്ചിത്ര അനുഭവം ആണ്…

തുടക്കം മുതൽ ചിത്രം തീരുന്നത് വരെ കഥക്കോ, ചലച്ചിത്രം എന്ന മാധ്യമത്തിനോ ഉപരി, മാധവിക്കുട്ടിയുടെ ജീവിതത്തോട് നീതിപുലർത്തിയ ഒരു ആഖ്യാനശൈലിയാണ് കമൽ എന്ന സംവിധായകൻ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ ജീവിച്ച ഒരു മഹാമനസിനെ തന്റെ ക്യാമറ കൊണ്ട് പ്രേക്ഷകരിലേക്ക് അതെ ആരവത്തോടെ എത്തിക്കുന്നു സംവിധായകൻ, അതിന് മധു നീലകണ്ഠൻ ഒരുക്കിയ ഛായാഗ്രഹണവും, ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ഒരു വലിയ മുതൽക്കൂട്ടും ആയി, പിന്നെ മാധവിക്കുട്ടി നടന്ന ഓരോ കാലത്തോടും, അതിന്റെ തനിമയോടും നീതിപുലർത്തിയ കലാസംവിധാനവും.

പക്ഷെ ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണ ഘടകം മറ്റൊന്നാണ്..അത്, ഹിമഭൂമികയുടെ അലസതയെ വെറുക്കുന്ന, എഴുതുമ്പോൾ ഭയം എന്തെന്ന് അറിയാത്ത, സെക്സിനെ പ്രാര്ഥനയുടെ അടിസ്ഥാന രൂപങ്ങൾ പോലെ വായനക്കാരിലേക്ക് എത്തിച്ച, അതിനാൽ ഒക്കെ വെറുക്കപ്പെട്ട, പിന്നീട്ട് അതിനാൽ ഒക്കെ തന്നെ ഐതിഹാസികമായ അവതരിക്കപ്പെട്ട സാക്ഷാൽ മാധവിക്കുട്ടിയെ തന്റെ ആത്മാവിലേക്ക് ആവിഷ്കരിച്ച മഞ്ജു വാരിയർ ആണ്.

മാധവികുട്ടിയുടെ എഴുത്തിൽ താങ്ങി നിന്ന പ്രണയസങ്കല്പങ്ങളും, സ്നേഹ സല്ലാപങ്ങളും, വിനാശവും വിഷാദവുമെല്ലാം മഞ്ജു വാരിയരുടെ മുഖത്തുകൂടെ മിന്നിമറയുന്നത് നമ്മുക്ക് അനുഭവിക്കാൻ ആവും, അതുകൊണ്ട് തന്നെ, തന്റെ തിരിചുവരവിൽ പലപ്പോഴും ചുവട് പിഴച്ച അവരുടെ എക്കാലത്തെയും മികച്ച കഥാപാത്രമായിരിക്കും ആമിയുടേത്, അത്രമേൽ മാധവിക്കുട്ടി മഞ്ജു വാരിയർ ആയും, മഞ്ജു വാരിയർ മാധവികുട്ടിയായും ഇഴചേർന്ന് നിൽക്കുന്നു…അവരുടെ ഭർത്താവായി വന്ന മുരളി ഗോപിയും,അക്ബർ അലിയായി വന്ന അനൂപ് മേനോനും മികവുറ്റ അഭിനയം കാഴ്ചവെച്ചപ്പോൾ, മാധവിക്കുട്ടിയുടെ കുട്ടിക്കാലം അഭിനയിച്ച പെൺകുട്ടികളും മികച്ചു തന്നെ നിന്നു.

ജാതിയും മതവും പാകുന്ന അതിർവരമ്പുകക്കുള്ളിൽ ക്രൂശിക്കപ്പെട്ട , അതിന്റെയൊക്കെ മുകളിലുള്ള സ്നേഹം എന്ന പരമമായ സത്യത്തിൽ ജീവിച്ച, അതിൽ തന്റെ തൂലിക ചാലിച്ച് കവിതകൾ എഴുതിയ മാധവിക്കുട്ടി ഈ കാലഘട്ടത്തിന്റെയും കൂടി ഓർമപ്പെടുത്തലാണ് എന്ന് പറഞ്ഞുവെക്കുന്ന ചിത്രം നൂറു ശതമാനവും പക്ഷെ നീതിപുലർത്തുന്നത് നാലപ്പാട്ട് പുതുമഴയുടെ സുഗന്ധം പുതുമണ്ണിൽ ഉയരുമ്പോൾ പൂക്കുന്ന അവരുടെ നീർമാതളങ്ങളോട് തന്നെയാണ് ആണ്, നമ്മെ പഴമയുടെ സുഗന്ധം പേറുന്ന ഒരു മാധവിക്കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോകുന്ന കമലിന്റെ കാവ്യാത്മകമായ ഒരു ചലച്ചിത്രാവിഷ്കാരം, ഈ കഴിഞ്ഞ ദശകത്തിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാസൃഷ്ടി കൂടി ആവുന്നു ആമി, മഞ്ജു വാരിയർ എന്ന അഭിനേത്രിക്ക് കൂടി സ്വന്തമായ കമലിന്റെ ആമി..

മാധവിക്കുട്ടിയുടെ ആരാധകരെ ചിത്രം ആവേശത്തിൽ ആഴ്ത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട, മറ്റ് മലയാളി പ്രേക്ഷകർക്ക് ആ വിശാലമനസ്സിനെ ആവേശത്തോട് കൂടി തന്നെ അടുത്തറിയാൻ കിട്ടുന്ന ഒരു അവസരവുമാണ് ആമി!

LEAVE A REPLY