ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നജീം കോയ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളാകുന്ന കളി എന്ന ചിത്രം നാളെ പ്രദർശനത്തിനെത്തുന്നു. നിർമ്മാതാക്കളിൽ ഒരാളായ ഷാജി നടേശൻ കളിയുടെ വിശേഷങ്ങൾ പ്രാന്തനുമായി പങ്കുവെക്കുന്നു.

പ്രാന്തൻ : ഉറുമി, ദി ഗ്രെറ്റ് ഫാദർ പോലെയുള്ള വമ്പൻ സിനിമകൾ മലയാളികൾക്ക് നൽകിയ ബാനറാണ് ആഗസ്റ്റ് സിനിമാസ്. കുഞ്ഞാലി മരയ്ക്കാർ ഉൾപ്പടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളാണ് ആഗസ്ത് സിനിമാസിന്റെ ബാനറിൽ വരാൻ ഇരിക്കുന്നത് . അതിനിടയിലാണ് പുതുമുഖങ്ങളെ അണിനിരത്തി കളി എന്ന സിനിമ ആഗസ്ത് സിനിമാസ് നിർമ്മിച്ച് ഫെബ്രുവരി 9 -ന് തിയേറ്ററുകളിൽ എത്തിക്കുന്നത് . എന്ത് കൊണ്ട് പുതുമുഖങ്ങളായ ചെറുപ്പക്കാരെ വെച്ച് “കളി” എന്ന പുതിയ പരീക്ഷണത്തിന് തയ്യാറായി?

ഷാജി നടേശൻ : ഉറുമിയുടെ സമയത്താണ് ഞാനും നജീം കോയയും അടുത്ത സുഹൃത്തുക്കളാകുന്നത്. ഉറുമിക്ക് ശേഷം ഞങ്ങൾ ചെയ്യാനിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ്. നജീം കോയ സ്ക്രിപ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ, പൃഥ്‌വി രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആ സിനിമയുടെ അതിമനോഹര സ്ക്രിപ്റ്റുമായാണ് ലിജോയും, നജീമും പൃഥ്‌വിയെ സമീപിച്ചത്. പക്ഷെ എന്തോ കാരണങ്ങളാൽ ആ ചിത്രം നടന്നില്ല അവിടെവെച്ചാണ് ലിജോയും നജീമുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. അതിനു ശേഷം ഇപ്പോൾ ഏഴെട്ട് വര്ഷങ്ങളായി ഞങ്ങൾ അടുത്ത സുഹൃത്താക്കളാണ്, സുഹൃത്തെന്നതിലുപരി നല്ല രസികനായ ഒരു മനുഷ്യനാണ് നജിം. നജീമിനോടുള്ള ഈ ഇഷ്ടമാണ് ഈ സിനിമയിലേക്ക് എന്നെ അടുപ്പിച്ചു ആദ്യ ഘടകം. ഒരുപാട് കഥകൾ നോക്കിയെങ്കിലും അവസാനം ഞങ്ങളെത്തിയത് കളിയിലാണ്. നജീമും അറോസും കൂടി എൻ്റെ അടുത്ത് വന്ന് ഈ കഥപറഞ്ഞപ്പോൾ ശരിക്കും ത്രില്ലായി. അത്രക്ക് മനോഹരവും, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ് കളിയുടെ കഥയും തിരക്കഥയും. നജീം തന്നെയാണ് പറഞ്ഞത് ഈ സിനിമയിൽ സ്റ്റാറുകൾ ആരുംതന്നെ വേണ്ട പുതിയ ആൾക്കാരാണെങ്കിൽ നന്നാവുമെന്ന്, താരങ്ങളെ കാസ്റ് ചെയ്യുമ്പോൾ ചിത്രത്തിനെക്കുറിച്ച് മുൻധാരണകൾ ഉണ്ടാകും, അങ്ങനെ മുൻധാരണകൾ ഇല്ലാതെ പറയുന്ന കഥയ്ക്ക് പ്രാധാന്യം നൽകി സിനിമയെ ട്രീറ്റ് ചെയ്യുന്ന രീതിയാണ് ഞങ്ങൾ കളിയിൽ പരീക്ഷിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ പ്രേക്ഷകരായ സെൻസർ ഓഫീസിൽ നിന്നെല്ലാം ഇപ്പോൾത്തന്നെ നല്ലരീതിയിലുള്ള റെസ്പോൺസാണ് വരുന്നത്.ഈ വർഷം സെൻസർ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല ചിത്രമാണ് കളി എന്നുതന്നെയാണ് അവരുടെ അഭിപ്രായം.

പ്രാന്തൻ : ഓഗസ്റ് സിനിമയുടെ ചിത്രങ്ങളിലൂടെ നിരവധി പുതുമുഖങ്ങൾ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്, ഇവരിൽ പലരും മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകങ്ങളായി മാറിയിട്ടുമുണ്ട്.ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ കളിയിലെ അഭിനേതാക്കളുടെ പ്രകടനത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഷാജി നടേശൻ : കളിയിലെ എല്ലാ ആർട്ടിസ്റ്റുകളെയും സെലക്ട് ചെയ്തത് സംവിധായകൻ നജിം കോയ തന്നെയാണ്, എല്ലാവരുടെയും പെർഫോമെൻസ് കണ്ട് വിലയിരുത്തിയതിനുശേഷം തന്നെയാണ് ഓരോരുത്തരെയും സെലക്ട് ചെയ്തത്. ഡബ് സ്മാഷ്സിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും കണ്ടെത്തിയ പുതു അഭിനേതാക്കൾ കളിയിലുണ്ട്. പുതുമുഖമായ സിറാജ്, നായികമാരായ വിദ്യ, ഐശ്വര്യ എന്നിവരും അതിൽ ഉൾപ്പെടുന്നു . ഒരു അഭിനേതാവിന്റെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി , പരിപൂണ്ണമായി ഉപയോഗിക്കാൻ കഴിവുള്ള ചുരുക്കം ചില സംവിധായകരുടെ നിരയിലേക്ക് കടന്നു വരുന്ന സംവിധായകനാണ് നജീം കോയ. എല്ലാവരെയും ഏറ്റവും മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് ഒരു സംവിധായകൻ എന്ന നിലയിൽ നജീമിന്റെ മിടുക്കും,വിജയവും. അതാണ് നജീം കോയ എന്ന സംവിധായകനിൽ ഞാൻ കണ്ട പ്രത്യേകതകളിൽ ഒന്ന്.

പ്രാന്തൻ :ഈ കളി വെറും കളിയല്ല എന്ന് പ്രാന്തനറിയാം. പ്രാന്ത ന്റെ പ്രേക്ഷകർക്കായി ‘എന്താണ് കളി’ ? എന്താണ് അവർക്ക് കളിയിൽ കാണാൻ കഴിയുന്ന പ്രത്യേകതകൾ ?

ഷാജി നടേശൻ :കളി ശരിക്കും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും. ഫൺ, ഫ്രണ്ട്ഷിപ്പ് ,മ്യൂസിക് അങ്ങനെയെല്ലാം ചേർന്നൊരു ഫസ്റ്റ് ഹാഫും,വളരെ ത്രില്ലിങ്ങായ സെക്കന്റ് ഹാൾഫിലൂടെയുമാണ് കളി മുന്നോട്ടുപോകുന്നത്. എല്ലാ പ്രേക്ഷകർക്കും രസിക്കാൻ പറ്റിയതരത്തിലുള്ള എലെമെന്റ്‌സ് ചിത്രത്തിലുണ്ട്. ഈ സിനിമ വിജയിച്ചാൽ മലയാള സിനിമാ ഇൻഡസ്ടറിക്ക് തന്നെ ഒരു മുതൽക്കൂട്ടാകും, സിനിമാ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ഒരുപാട് ചെറുപ്പക്കാർക്ക് പ്രജോദനവുമാകാൻ കളിയുടെ വിജയത്തിലൂടെ കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെയും,ഞങ്ങളുടെ സിനിമാ സുഹൃത്തുക്കളുടെയും പ്രതീക്ഷ.

പ്രാന്തൻ :വലുതും ചെറുതുമായ ഒരുപാട് പ്രൊജെക്ടുകൾ ഓഗസ്റ് സിനിമയുടെതായ് വരാനിരിക്കുന്നു എന്ന് പ്രാന്താനറിയാം, ആ സിനിമകളെ കുറിച്ചും , അതിന്റെ പുരോഗമനങ്ങളെ കുറിച്ചും ഒന്ന് പറയാമോ ?

ഷാജി നടേശൻ : ആഗസ്ത് സിനിമാസിന്റെ അടുത്ത സിനിമയായി വരാനുള്ളത് ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയാണ്. ഷൂട്ടിങ്ങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലാണ് തീവണ്ടി . ചിത്രം വിഷു റിലീസായി പുറത്തിറങ്ങും.പഞ്ചവടിപ്പാലം പോലുള്ള ഒരു നാട്ടിൻപുറത്തെ കഥപറയുന്ന ചിത്രമാണത്.അതിനു ശേഷം നൂറ്റിയെട്ട് പുതുമുഖങ്ങൾ അഭിനയിക്കുന്ന ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പതിനെട്ടാം പടി ആരംഭിക്കും.അതിനുശേഷം ജൂണിൽ ഞങ്ങളുടെ ഡ്രീം പ്രൊജക്റ്റ് കുഞ്ഞാലി മരക്കാരിലേക്ക് ആഗസ്റ്റ് സിനിമാസ് കടക്കും .

 

LEAVE A REPLY