ഹേയ് ജൂഡ്.

പ്രാന്തന്‍ ഇന്നലെ പ്രാന്തന്‍റെ ഒരു പഴയ സുഹൃത്തിനെ കണ്ടു. അവന്‍റെ പേര് ജൂഡ്. ജൂഡ് പ്രാന്തന്‍റെ മാത്രം സുഹൃത്തല്ല, നിങ്ങളുടെയും സുഹൃത്താണ്. നിങ്ങളും അവനെ കണ്ടിട്ടുണ്ട്. പഠിച്ചിരുന്ന ക്ലാസ്സിലോ, ബന്ധുക്കളുടെ കൂടെ കല്യാണം പോലെയുള്ള കുടുംബത്തിലെ ചടങ്ങുകള്‍ക്ക് പോകുമ്പോഴോ, ആരോടും മിണ്ടാതെ , ഒരു കൂട്ടും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയില്‍ തന്‍റെ ലോകത്ത് സന്തോഷത്തോടെ കഴിയുന്ന ഒരാളെ നിങ്ങള്‍ക്ക് ഓര്‍മ്മ വരുന്നുണ്ടെങ്കില്‍ അവന്‍ ഒരു ‘ജൂഡ്’ ആണ്.

പല സമയങ്ങളിലും പല കുറവുകളും ചൂണ്ടി കാണിച്ച് പലരിലൂടെയും അനേകം പരിഹാസങ്ങളും കളിയാക്കലുകളും ഏറ്റു വാങ്ങിയിട്ടുള്ള ഇവര്‍ പക്ഷേ അതില്‍ ഒരിക്കലും പരാതി പറയാറില്ല, പകരം തങ്ങളുടെ ലോകത്ത് അവര്‍ സന്തോഷത്തോടെ ഒതുങ്ങുന്നു. അവിടെ അവന്‍ എല്ലാം തികഞ്ഞ ഒരാളാണ്. ഇങ്ങനെ നമ്മള്‍ കണ്ടിട്ടുള്ള അനേകം ജൂഡ്മാരില്‍ നിന്നും ഒരാളുടെ ജീവിതം ‘ഹേയ് ജൂഡ്’ എന്ന സിനിമയായി അവതരിപ്പിച്ച് നമ്മളെ ജൂഡിന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് സംവിധായകന്‍ ശ്യാമ പ്രസാദ്‌. ‘അതിമനോഹരം’ എന്ന ഒറ്റവാക്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാന്‍ ആണ് പ്രാന്തന്‍ ആഗ്രഹിക്കുന്നത്. എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട, കണ്ടു കഴിഞ്ഞിറങ്ങുമ്പോള്‍ സന്തോഷം നല്‍കുന്ന നല്ല ഒരു ഫീല്‍ ഗുഡ് സിനിമ…Simply ‘ഒരു Pleasant പടം’.

ഹേയ് ജൂഡിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇത് ജൂഡി’ന്‍റെ കഥയാണ്. അച്ഛനും അമ്മയും അനിയത്തിയുമായി കൊച്ചിയില്‍ താമസിക്കുന്ന ജൂഡ്. മറ്റുള്ളവരില്‍ നിന്നും എന്ത് കൊണ്ട് വ്യത്യസ്തനാണ് ജൂഡ്. കള്ളം പറയാത്ത, തനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്ത് കൊണ്ടിരിക്കുന്ന, ഇഷ്ടപ്പെടാത്തത് ചെയ്യാത്ത ഒരാളാണ് ജൂഡ്. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരില്‍ നിന്നും അനിയത്തി’യില്‍ നിന്നും കളിയാക്കലും അച്ഛന്റെ കൈയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കുന്ന ജൂഡിന് എപ്പോഴുമുള്ള പിന്തുണ അവന്‍റെ അമ്മയാണ്. അങ്ങനെ ജൂഡിന്‍റെ ജീവിതം ഇങ്ങനെ പോകുമ്പോള്‍ ഗോവ വരെ പോകേണ്ടി വരുന്നതും, അവിടെ വെച്ച് ക്രിസ്റ്റലും അവളുടെ അച്ഛനും ജൂഡിന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥാ തന്തൂ. വളരെ സിമ്പിള്‍ ആയ ഒരു കഥയും , നല്ല ഒരു തിരക്കഥയും ഒരുക്കി , , വളരെ കുറച്ചു കഥാപാത്രങ്ങള്‍ ഉള്ളെങ്കില്‍ കൂടി അവരുടെ സ്വഭാവ സവിശേഷതകള്‍ വ്യക്തമായി കാണിച്ച് രസകരമായ സംഭാഷണത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു ‘ഹേയ് ജൂഡ്’.

ആദ്യം അഭിനേതാക്കളെ കുറിച്ച് പറയാം , നിവിന്‍ പോളി. നിവിന്‍റെ ഇത് വരെയുള്ള കരിയര്‍ ബെസ്റ്റ് റോളാണ് ജൂഡ്. ആ കഥാപാത്രം എഴുതിയിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്, ആ പ്രത്യേകത ഒരിക്കലും നഷ്ടപ്പെടാതെ ,കണ്ടിറങ്ങുമ്പോള്‍ ജൂടിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ നിവിന് സാധിച്ചു. സിനിമ കാണുമ്പോള്‍ നിവിന്‍ പോളിയെ നമുക്ക് കാണാന്‍ സാധിക്കില്ല…ജൂടാണ് നമ്മുടെ മുന്നില്‍ ഉള്ളത്. ഇങ്ങനെയുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ നിവിന്‍ കാണിച്ച മനസ്സിനും ധൈര്യത്തിനും ഇരിക്കട്ടെ ഒരു കുതിരപവന്‍. ലാലേട്ടനും മമ്മൂക്കയും എന്ത് കൊണ്ട് ഇന്നും നമ്മുടെ പ്രിയ അഭിനേതാക്കളായി നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ , അവരുടെ തുടക്ക കാലങ്ങളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി ചെല്ലാന്‍ അവര്‍ക്ക് സാധിച്ചു എന്നതാണ് കാരണം.

ഇന്ന് ജൂഡിലൂടെ നിവിനും, കാറ്റിലൂടെ ആസിഫും, വിവിധ റോളുകളിലൂടെ ഫഹദും തങ്ങളുടെ സ്വഭാവത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമ്പോള്‍ , ഇവരെ പോലെയുള്ള യുവ താരങ്ങളുടെ കൈയ്യില്‍ നമ്മുടെ സിനിമ ഭദ്രം ആണെന്ന് നമുക്ക് വിശ്വസിക്കാം.

തമിഴില്‍ നിന്ന് മലയാളത്തില്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രമായി എത്തിയ തൃഷയും വളരെ നല്ല അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ശക്തമായ, പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള വേഷം തൃഷ ഭംഗിയായി അവതരിപ്പിച്ചു. അന്യ ഭാഷ നടികള്‍ നമ്മുടെ സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഡബ്ബിംഗ് കല്ല്‌ കടികള്‍ ക്രിസ്റ്റലിന്‍റെ കാര്യത്തില്‍ കുറവായിരുന്നു. തൃഷയ്ക്ക് ശബ്ദം നല്‍കുക എന്ന ജോലി വൃത്തിയായി ചെയ്ത ഗായിക സയനോരയ്ക്കും പ്രാന്തന്‍റെ സ്പെഷ്യല്‍ കൈയ്യടി. സിദ്ദിക്ക് ഇക്കയെ കുറിച്ച് ഒന്നും പറയാനില്ല. അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ അദ്ധേഹം ജൂഡിന്‍റെ അച്ഛനായ ഡൊമിനിക്ക് എന്ന ബിസിനസ്സ്കാരനായി എത്തി ഒരു കലക്ക് കലക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഡയലോഗ് പറയുന്ന രീതിയിലൂടെ, ചെറിയ നോട്ടത്തിലൂടെ , ചെറിയ കൌണ്ടറുകളിലൂടെ ഒരുപാട് ചിരിപ്പിച്ചു, അതെ പോലെ 1,2 ഇടങ്ങളിലെ വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങള്‍ പൊടിയ്ക്ക് സങ്കടപ്പെടുത്തി.

പ്രാന്തനേ ഏറ്റവും അത്ഭുതപ്പെടുത്തിയ കാസ്റ്റിംഗ് ആയിരുന്നു ജൂഡിന്‍റെ അമ്മയായി വന്ന നീന കുറുപ്പും, ക്രിസ്റ്റലിന്‍റെ അച്ഛനായി എത്തിയ വിജയ്‌ മേനോനും . പഞ്ചാബി ഹൌസ് മുതല്‍ നിരവധി സിനിമകളില്‍ പ്രാന്തന്‍ കാണുന്ന മുഖമാണ് നീന കുറുപ്പിന്‍റെത്. നീന കുറുപ്പിന് ഈ അടുത്ത് കിട്ടിയ ഏറ്റവും നല്ല കഥാപാത്രമാണ് ജൂഡിന്‍റെ അമ്മ വേഷം – മറിയ . അതെ പോലെ വിജയ്‌ മേനോന്‍ (ഡോ: സെബാസ്റ്റ്യന്‍} എന്ന അഭിനേതാവിനെയും, ചിരിപ്പിക്കാന്‍ ഉള്ള അദ്ധേഹത്തിന്‍റെ കഴിവിനെയും ഉപയോഗപ്പെടുത്തി ഹേയ് ജൂഡ്. ഇരുവരും നന്നായി ചെയ്തിട്ടുണ്ട്…ഇനിയും നല്ല വേഷങ്ങള്‍ നല്‍കി നമ്മുടെ സിനിമ ലോകം ഇവരുടെ ഉള്ളിലെ അഭിനേതാക്കളെ മാക്സിമം ഉപയോഗപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. 2 സീനില്‍ വന്നു ചിരിപ്പിച്ച അജു വര്‍ഗീസും അപൂര്‍വയും മറ്റു അഭിനേതാക്കളും , എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. കാരണം, അഭിനേതാക്കളുടെ പെര്‍ഫോമന്‍സാണ് ഹേയ് ജൂഡ് പ്രിയങ്കരമാക്കുന്നത്.

അണിയറയിലേക്ക് കടക്കുകയാണെങ്കില്‍ , പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് സിനിമ ചെയ്യുകയല്ല, മറിച്ച് തന്‍റെ ഇഷ്ട സിനിമകള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ട സിനിമയാക്കി മാറ്റുക എന്ന പാത പിന്തുടരുന്ന സംവിധായകനാണ് ശ്യാമ പ്രസാദ്‌. അരികെ, ഋതു, ഒരേ കടല്‍ തുടങ്ങി പ്രാന്തന് ഇഷ്ടപ്പെട്ട അദ്ധേഹത്തിന്‍റെ സിനിമകള്‍ ഒരുപാട് ഉണ്ടെങ്കിലും ഹേയ് ജൂഡ് അതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു. ഏതൊരാള്‍ക്കും പെട്ടെന്ന് മനസിലാവുന്ന , ഇഷ്ടപ്പെടാവുന്ന , അല്‍പംകൂടി കൊമ്മേര്‍ഷ്യല്‍ Entertainer ആയുള്ള സിനിമയാണ് ഹേയ് ജൂഡ്. Commercial Entertainer ആണെങ്കിലും ശ്യാമ പ്രസാദ്‌ എന്ന സംവിധായകന്‍റെ കയ്യൊപ്പ് ഹേയ് ജൂഡിലും ഉണ്ട്. ഒരു വിദേശ ഭാഷ ചിത്രം കാണുന്ന സുഖം അല്ലെങ്കില്‍ ആ ഒരു ഫീല്‍ ഹേയ് ജൂഡ് പ്രാന്തന് തന്നു.

ഗോവയുടെ ഭംഗി പകര്‍ത്തി വളരെ ഹാപ്പി മൂഡ്‌ ഉള്ള വിഷ്വല്‍സ് തന്ന ഗിരീഷ്‌ ഗംഗാധരന്‍ – അങ്കമാലി ഡയറീസ് പോലെയുള്ള കട്ട ലോക്കല്‍ പടം മാത്രമല്ല, ഏത് സിനിമയും തനിക്ക് വഴങ്ങും എന്ന് ഒന്നൂടെ തെളിയിച്ചു. ഇളയ ദളപതി വിജയ്‌ യുടെ കൂടെയുള്ള ഗിരീഷിന്‍റെ അടുത്ത പടത്തിനായി പ്രാന്തന്‍ വെയ്റ്റിംഗ്. സിനിമയുടെ മൂടിന് പറ്റിയ എഡിറ്റിംഗ് ചെയ്ത കാര്‍ത്തിക് ജോഗേഷ്, തിരക്കഥ ഒരുക്കിയ നിര്‍മ്മല്‍ സഹദേവ് , ജോര്‍ജ്ജ് കണ്ണാട്ട് എന്നിവര്‍ക്കും കൈയ്യടികള്‍. നിര്‍മ്മല്‍ ആണ് ഈ വര്ഷം റിലീസ് ആകാന്‍ പോകുന്ന പ്രിഥ്വിരാജ് ചിത്രം Detroit Crossing-ന്‍റെ സംവിധായകന്‍. ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, എം ജയചന്ദ്രന്‍ എന്നിവരുടെ പാട്ടുകള്‍ നന്നായിരുന്നു, പ്രത്യേകിച്ച് ഔസേപ്പച്ചന്‍ എന്ന അനുഭവ സമ്പത്തുള്ള വ്യക്തിയില്‍ നിന്നും വന്ന സിനിമയുടെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ സിനിമയുടെ മൂഡ്‌നും ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിനും ഏറ്റവും അനുയോജ്യമായിരുന്നു.

ഹേയ് ജൂഡ് ടീം സിനിമയിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്താന്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നത് പ്രാന്തന് ബോധ്യപ്പെട്ട കാര്യമാണ് , നല്ല ഡീറ്റെയിലിംഗ് ഉള്ള സിനിമയാണ് ഹേയ് ജൂഡ് . ഒരു സീന്‍ തുടങ്ങുമ്പോള്‍ സിദ്ധിക്കിന്‍റെ നെറ്റിയിലെ വിയര്‍പ്പും, ജൂഡിന്‍റെ മീനുകളോട്ഉള്ള ഇഷ്ടം പറയുന്ന മീനിന്‍റെ പ്രിന്‍റ് ഉള്ള ടീ ഷര്‍ട്ടും {സഖി എല്‍സ എന്ന കോസ്റ്റ്യൂമര്‍ക്ക് ഒരു കൈയ്യടി}, ആന്ഗ്ലോ ഇന്ത്യന്‍ കാഴ്ചകള്‍ ഒരുക്കുന്ന കലാ സംവിധാനവും എല്ലാം സിനിമയുടെ കഥാ ഗതിയ്ക്ക് അനുയോജ്യമായിരുന്നു . ഇത്രയും വലിയ ഒരു സിനിമ നിര്‍മ്മിച്ച അനില്‍ അമ്പലക്കര്യ്ക്കും, വിതരണം ചെയ്ത E4 Entertainments-നും ഇന്‍ ഷോര്‍ട്ട്, ഹേയ് ജൂഡ് ടീമിന് അഭിനന്ദനങ്ങള്‍.

പ്രാന്തന് പ്രേക്ഷകരായ നിങ്ങളോട് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. ശ്യാമ പ്രസാദിന്റെ ഹേയ് ജൂഡ് നല്ല ഒരു സിനിമയാണ്. ഒരു പ്രത്യേക മൂഡ്‌ ഉള്ള, ഒരു പ്രത്യേക താളത്തില്‍ പോകുന്ന, പുതുമയുള്ള കാഴ്ചകള്‍ ഒരുക്കുന്ന , അഭിനേതാക്കള്‍ നല്ല പ്രകടനം കാഴ്ച വെച്ചിരിക്കുന്ന , സന്തോഷം തരുന്ന ഒരു നല്ല ഫീല്‍ ഗുഡ് സിനിമ . എല്ലാവര്‍ക്കും മനസ്സിലാകുന്ന, ആസ്വദിച്ചു കാണാന്‍ പറ്റുന്ന ഹേയ് ജൂഡ് നിങ്ങള്‍ തിയേറ്ററില്‍ തന്നെ കാണണം വേറൊന്നുമ്മ ല്ല, ഈ സിനിമ തിയേറ്ററില്‍ നമുക്ക് തരുന്ന ഒരു മൂഡ്‌ വേറെ എവിടെയും കിട്ടില്ല …..അതുറപ്പ്‌. മാത്രമല്ല സ്ഥിരമായി കണ്ടു വരുന്ന സിനിമകളില്‍ നിന്ന് വേറിട്ട ഒരു സിനിമയാണ് ഹേയ് ജൂഡ്.

LEAVE A REPLY