സിനിമാസ്വാദനത്തിന്റെ മറ്റൊരു തലം ….കരുത്തനായ വരത്തനുമായി അമൽ നീരദ് ….

heroes never choose destiny ,destiny chooses them ‘എന്നൊരു ടാഗ്‌ലൈനുമായി ബിഗ്‌ബി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് കടന്നു വന്ന സംവിധായകൻ ആയിരുന്നു അമൽ നീരദ് .മലയാളി അതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ മികവും മേക്കിങ്ങും ഒക്കെയായി ഒരു ചിത്രം .പിന്നീട് ഇങ്ങോട്ട് സ്റ്റൈലിഷ് സിനിമകളുടെ സംവിധായകൻ ആയി അമൽ .എന്നാൽ ഇയ്യോബിന്റെ പുസ്തകത്തിൽ എത്തിയപ്പോൾ സംവിധാന ശൈലിയിൽ മാറ്റം വന്നു .മാസും ക്ലാസും ചേർന്നൊരു ചിത്രമായി ഇയ്യോബ് .ഇവിടെ വരത്തനിൽ മാസിന്റെ കാര്യത്തിൽ ഒരു പടി കൂടി മുകളിലെത്തിയിരിക്കുകയാണ് അമൽ നീരദ് .മാസ് മസാല പ്ലസ് ക്ലാസ് എന്നൊക്കെ പറഞ്ഞാലും അധികമാകില്ല .ദൃശ്യ സംവിധാന അഭിനയ തികവിൽ അത്രമേൽ കരുത്തൻ ആണ് വരത്തൻ.

ഒരു അമൽ നീരദ് ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒക്കെയുണ്ട് വരത്തനിൽ .മനോഹരമായ ഫ്രെയിംസ് ,സ്ലോമോഷൻ ,ഫൈറ്റ് ,ഗൺ ഫൈറ്റ് അങ്ങനെ എല്ലാം .എന്നാൽ വരത്തൻ പറയുന്ന സാമൂഹിക പ്രസക്തി ഉള്ള വിഷയവും ,അത് അവതരിപ്പിച്ച രീതിയും ,അവസാനത്തെ 25 മിനിറ്റും വരത്തനെ ഗംഭീരം ആക്കുന്നു എന്നതാണ് സത്യം’

ഫഹദും ഐശ്വര്യയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളായ എബിനും പ്രിയയും ദുബായിയിലെ ജോലിക്കാരണ് .പ്രൊഫെഷണൽ ആയിട്ടുള്ള ചില കാരണങ്ങൾ കൊണ്ട് അവർ നാട്ടിൽ വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത് .പ്രിയയുടെ പപ്പയുടെ ഹൈറേഞ്ചിലുള്ള തോട്ടത്തിൽ അവർ എത്തുന്നു .ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ ആണ് കഥ മുന്നേറുന്നത് .

ഏതൊരു പുരുഷനും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള അവസ്‌ഥയാണ്‌ ,ഒരു പെൺകുട്ടിയുടെ കൂടെ ഒപ്പം താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുമ്പോൾ പെൺകുട്ടിയുടെ അല്ലെങ്കിൽ സ്ത്രീയുടെ മേൽ പതിയുന്ന കഴുകൻ കണ്ണുകൾ .പ്രതികരിക്കണം എന്ന് തോന്നിയപ്പോൾ പ്രതികരിക്കാൻ കഴിയാതെ രോഷം മനസ്സിൽ കടിച്ചമർത്തി നടന്നു നീങ്ങിയിട്ടുള്ളവരാണ് നമ്മളിൽ പലരും .ഇത്തരം ഒരു കഥാപശ്ചാത്തലം ആണ് വരത്തൻ സിനിമയ്ക്കു ഉള്ളത് ‘

പതിഞ്ഞ താളത്തിൽ തുടങ്ങിയ വരത്തൻ അമൽ നീരദ് എന്ന സംവിധായകന്റെ ക്രാഫ്‌റ്റും , ലിറ്റിൽ സ്വയംമ്പിന്റെ സിനിമാട്ടോഗ്രാഫിയും, സുശിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിന്റെ മികവും കൊണ്ട് രണ്ടാം പകുതി ആകുമ്പോഴേക്കും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നു ,രണ്ടാം പകുതിയിൽ നിലവാര തകർച്ച ഉണ്ടാകുന്നു അമൽ നീരദ് ചിത്രങ്ങൾക്ക് എന്ന ആരോപണം പൊളിച്ചെഴുതുകയാണ് വരത്തന്റെ അവസാനത്തെ 25 മിനിറ്റുകൾ .

എബിൻ ആയി എന്നത്തേയും പോലെ ഫഹദ് സ്വാഭാവിക അഭിനയം കാഴ്ച വച്ചു .പ്രിയയായി മായനദിയിലെ അപ്പുവിന് ശേഷം ഐശ്വര്യ മനോഹരമായ അഭിനയം കാഴ്ച വച്ചു .നെഗറ്റീവ് ടച്ച് ഉള്ള വേഷം മികവുറ്റതാക്കിയതോടെ കോമഡി വേഷങ്ങൾക്കും അപ്പുറം ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ താൻ പര്യാപ്തനാണ് എന്ന് ഷറഫുദ്ദീൻ തെളിയിച്ചു .അർജുൻ അശോകൻ ,ദിലീഷ് പോത്തൻ ,തുടങ്ങിയ അഭിനേതാക്കൾ എല്ലാം തങ്ങളുടെ വേഷം മികച്ചതാക്കി .

സുഹാസ് ഷറഫു ടീമിന്റെ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് വരത്തന്റെ കാതൽ .ചിത്രം കലാപരമായും വാണിജ്യപരമായും മികച്ച ഒരു അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും .പശ്ചാത്തല സംഗീതത്തിന്റെ മാന്ത്രികതയും ദൃശ്യ വിസ്മയവും അനുഭവിച്ചറിയാൻ തീയേറ്ററുകളിൽനിന്നു തന്നെ ചിത്രം കാണാൻ ശ്രമിക്കുക .

പ്രാന്തൻസ് റേറ്റിംഗ് ;4/ 5

LEAVE A REPLY