നടുക്കം തീർത്ത് കുട്ടൻ പിള്ളയുടെ ശിവരാത്രി കാഴ്ച്ച

രണ്ടു വർഷങ്ങൾക്കു മുന്നേ കേരളത്തെ നടുക്കിയൊരു സംഭവമുണ്ടായിരുന്നു,ഓരോ മലയാളിയുടെയും രക്തം മരപ്പിച്ച വാർത്ത നാമോരുത്തരും വിഭജന ഭേദമന്യേ കണ്ണു നിറച്ച ദാരുണ സംഭവം.

“കൊല്ലം പരവൂരിലെ പുറ്റിങ്ങൽ വെടിക്കെട്ട്‌ ദുരന്തം”

ഏകദേശം 100നു മുകളിൽ ജീവനുകൾ പൊലിഞ്ഞു പോയ മഹാദുരന്തം.
ചെറിയൊരു അശ്രദ്ധയിൽ നഷ്ടമായത് ഒരുപാടു ജീവിതങ്ങളായിരുന്നു അനാഥമായത് നിരവധി കുടുംബങ്ങളായിരുന്നു.
ആ മഹാദുരന്തത്തിന്റെ നേർക്കാഴ്ചയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി പറയാതെ പറയുന്നത്.

ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിയ്ക്കുന്നത് സംവിധായകനും ജോസ്ലെറ്റ്‌ ജോസഫും ചേർന്നാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടൻ പിള്ളയായെത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്.
സുരാജിനൊപ്പം ബിജു സോപാനം,മിഥുൻ,ശ്രിന്ദ എന്നിവരും പ്രധാന വേഷണത്തിലെത്തുന്നുണ്ട്.

യാഥാർഥ്യത്തിനൊപ്പം അൽപ്പം ഫാന്റസിയും കലർത്തി കഥ പറയുന്ന ചിത്രം കേന്ദ്ര കഥാപാത്രമായ കുട്ടൻ പിള്ളയുടെ ജീവിതത്തിലൂടെയാണ് പുരോഗമിക്കുന്നത്.
കുട്ടൻ പിള്ളയുടെ ചക്ക പ്രേമവും വീട്ടിലെ നുറുങ്ങു സൗന്ദര്യ പ്രശ്നങ്ങളും പ്ലാവ് തർക്കവും എന്നിങ്ങനെ ഒരു നാട്ടിൻപുറത്തിന്റെ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട് ചിത്രത്തിൽ.
‘കുട്ടൻ പിള്ളയെന്ന’അവസാന പേരുകാരനായ കോൺസ്റ്റബിൾ ആയി മുഴുനീളം ഗംഭീര പ്രകടനമാണ് സുരാജ് കാഴ്ചവച്ചിരിക്കുന്നത്.
മധ്യവയസ്കനായ തനി പോലീസുകാരനായ സാധാരണക്കാരന്റെ വേഷം അത്യധികം റിയലിസ്റ്റിക് തന്നെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.

ആഘോഷങ്ങളിലെ ഉത്തരവാദിത്വമില്ലായ്മയും അശ്രദ്ധയും വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന ചിത്രം പ്രേക്ഷണകനെ ബോറടിപ്പിക്കാതെ സ്വാഭാവികമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഫാസിൽ നാസറിന്റെ ക്യാമറ മികവ് പുലർത്തിയിരുന്നു.

കൊല്ലം സുരേഷ് ഒരുക്കിയ ചിത്രത്തിലെ ആർട്ട് വിഭാഗം ഒരുപാട് നിലവാരം പുലർത്തിയിരുന്നു.

സയനോര ഒരുക്കിയ സ്വാഭാവികതയുടെ നൊസ്റ്റാൾജിയയുള്ള ഗാനങ്ങൾ ചക്കപ്പാട്ടും മറ്റുമായി മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

സ്വാഭാവികതയുടെ നർമ്മത്തിൽ അലിയുന്ന പ്രേക്ഷകനെ ഞെട്ടിത്തരിപ്പിക്കുന്നൊരു ക്ലൈമാക്സിൽ ആയിരുന്നു ചിത്രം അവസാനിച്ചത്.
വെടിമരുന്നിന്റെ പുകയും,മാംസം കരിഞ്ഞ ഗന്ധവുമുള്ള നേർക്കാഴ്ചകൾ അത്ര ഉന്നത നിലവാരത്തിൽ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നതിൽ സംവിധായകനും സംഘവും കൈയ്യടി അർഹിക്കുന്നു.

കുടുംബമായി കേരളം തീർച്ചയായും കണ്ടിരിക്കേണ്ട നാം മറന്ന നീറുന്ന ഓർമ്മകളുടെ നേർക്കാഴ്ചയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി.

LEAVE A REPLY