ഈ മാ യൗ /പ്രാന്തൻസ് retrospect
“സിനിമ അവസാനിച്ചപ്പോൾ ഇരുട്ടിൽ മരിപ്പിന്റെ തരിപ്പും ഗന്ധവുമായിരുന്നു”
മലയാള സിനിമയ്ക്കുപരി ലോക സിനിമയ്ക്ക് മുന്നിൽ നമുക്ക് വയ്ക്കാവുന്ന ചലച്ചിത്ര മുഖമാണ്  ‘ഈ. മ.യൗ’ 
‘എടാ നീ എന്റെ അപ്പന്റെ ശവമടക്ക് കണ്ടിട്ടുണ്ടോ?’ മകൻ ഈശിയോടു വാവച്ചൻ ആശാരിയുടെ ചോദ്യമാണ്. ‘ആലവട്ടോം വെഞ്ചാമരോം ബാന്റ് മേളോം മെത്രാനച്ചന്റെ ആശീർവാദോം, ഹോ! ആ ശവമടക്ക് കണ്ടാൽ ആർക്കാണെങ്കിലും ഒന്നുമരിക്കാൻ പൂതി തോന്നും…’ അങ്ങനെയൊന്ന് മരിക്കാൻ പൂതി തോന്നിയൊരു അപ്പന്റെയും ആ അപ്പന്റെ ശവമടക്ക് നടത്താനുള്ള മകന്റെയും പരിശ്രമ കാഴ്ച്ചകളാണ് ‘ഈ.മ.യൗ’ അനുഭവിപ്പിച്ചത്.
ഓരോ സീനിലും ഓരോ ഷോട്ടിലും രക്തത്തിൽ തരിപ്പ് കൂട്ടുന്ന ചലച്ചിത്ര ഭാഷ്യം.’ലിജോ ജോസ് പെല്ലിശ്ശേരി’യെന്ന കിറുക്കൻ സംവിധായകന്റെ അരക്കിറുക്കുകളിന്ന്  മലയാള സിനിമയിൽ നവവസന്തം തീർക്കുന്ന കാഴ്ച്ചകൾക്ക് അടിവരയിടുകയാണ് ഈ.മ.യൗ.’പി എഫ് മാത്യൂസിന്റെ അൽപ്പം മാജിക്കൽ റിയലിസം കലർത്തിയ അക്ഷരങ്ങളിൽ ‘ഷൈജു ഖാലിദിന്റെ’ജീവനുള്ള കാഴ്ച്ചകളും മനുഷ്യന്റെ ആത്മാവിന്റെയും മരണത്തിന്റെയും ഗന്ധമുള്ള ‘പ്രശാന്ത് പിള്ളയുടെ സംഗീതവും’ എല്ലാം കൂടി പെല്ലിശ്ശേരിയുടെ ഭ്രാന്തൻ കാഴ്ച്ചകളിൽ സമ്മേളിച്ചപ്പോൾ മലയാളത്തിനു ലഭിച്ചത് സിനിമയുടെ നവ വിപ്ലവമാണ്.
‘കേവലം മരണ വീട്ടിലെ കാഴ്ച്ചകൾക്കു പുറമെ ഇന്നിന്റെ സാമൂഹിക കാഴ്ചപ്പാടുകളും,സാധാരണക്കാരന്റെ രാഷ്ട്രീയവും,മണ്ണിന്റെ കാഴ്ച്ചകളും മനുഷ്യന്റെ പ്രതികരണങ്ങളുമൊക്കെ വ്യക്തമായി സമ്മേളിക്കുന്നുണ്ട് ഈ.മ.യൗവ്വിൽ.
‘ചെമ്പൻ വിനോദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം,വിനായകന്റെ ഏറ്റവും ഒതുക്കത്തിലും സ്വാഭാവികവുമായ അഭിനയ മാന്ത്രികത. ‘കൈനകരി തങ്കരാജിന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. അഭിനയ പ്രകടനങ്ങളെ ക്കുറിച്ചു കൂടുതൽ പറയുന്നില്ല കാരണം ജീവിതം കാണിച്ച കാഴ്ച്ചകളിൽ അഭിനയത്തിന് എന്ത് പ്രസക്തി.
ഈ.മ.യൗ ഒരനുഭവമാണ് മരിപ്പിന്റെ തരിപ്പും തണുപ്പും ഗന്ധവും പകർന്നൊരു അനുഭവം. ചിത്രം തീരുമ്പോൾ വരുന്ന ഇരുട്ടിലും ഭ്രമാത്മക സംഗീതത്തിന്റെ ലഹരിയിലും അറിയാതെ ഉറഞ്ഞുപോയത് സിരകളിലെ രക്തമായിരുന്നു.
ആദ്യമായി അനുഭവിച്ചു രക്തം മരപ്പിച്ച സിനിമയുടെ ചൂട്.
“ബാൻഡിന്റെ ഒഴുക്കിൽ…പുകയുന്ന സാംബ്രാണി ഗന്ധത്തിൽ… ഉപ്പുകാറ്റിന്റെ ചൂരിൽ…. മഴയുടെ മരണം കുഴച്ച പച്ച മണ്ണിൽ….. വീണ്ടുമൊരു പെല്ലിശ്ശേരി മാജിക്‌ അതാണ് ഈ.മ.യൗ.
#Blood Freezing Experience
#Cult Classic
#pranthans #Reviews

Ⓒcopyright all rights reserved

cinemapranthan

LEAVE A REPLY