ആദി…. മലയാള സിനിമ കാത്തിരുന്ന മറ്റൊരു താര പുത്രൻ കൂടെ മലയാള സിനിമയുടെ നായകനിരയിലേക്ക് ഉയരുന്ന ദിവസത്തിനായി പ്രാന്തനും കാത്തിരിപ്പായിരുന്നു. ഈ കാത്തിരിപ്പിന് പിന്നിൽ വേറൊരു കാരണവും കൂടിയുണ്ട് പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഇതേപോലൊരു ജനുവരി 26 നാണ് ഇതേ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നരസിംഹം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

മോഹൻലാൽ നായകനായ നരസിംഹത്തിന്റെ 18 ആം വാർഷിക ദിവസമായ അന്നുതന്നെ അദ്ദേഹത്തിന്റെ മകന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം എന്നകാരണം തന്നെയാണ് ആദി കാണാൻ പ്രാന്തനെ തീയേറ്ററിലേക്ക് നയിച്ച ആദ്യ കാരണം.

നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് ജനപ്രിയ സംവിധായകനാണ് ജീത്തു ജോസഫ്, ഇടക്കാലം കൊണ്ട് അദ്ദേഹത്തിന് അല്പം കാലിടറിയെങ്കിലും എന്തുകൊണ്ടും പ്രണവ് മോഹൻലാലിനെ മലയാള സിനിമയിലേക്ക് നയിക്കാൻ യോഗ്യനാണ് അദ്ദേഹം.സിനിമ അഭിനയത്തിന് മുൻപ് പ്രണവ് ജീത്തു ജോസെഫിന്റെ അസ്സിസ്റ്റൻറ് ആയിരുന്നു.

മോഹൻലാൽ സിനിമകൾ മാത്രം നിർമ്മിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിൻറെ സന്തത സഹചാരികൂടിയായ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന മോഹൻലാൽ പ്രധാന കഥാപാത്രമല്ലാത്ത ആദ്യ ചിത്രം കൂടിയാണ് ആദി.

ആദിയെന്ന മ്യൂസിക് ഡയറക്ഷൻ സ്വപ്നം കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരനിലൂടെയാണ് കഥ വികസിക്കുന്നത്. വളരെ യാദൃശ്ചിമായി ആദി ഒരു പ്രശ്നത്തിൽ ചെന്നുപെടുന്നു അതിൽ നിന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ ആദി നടത്തുന്ന പോരാട്ടമാണ് സിനിമ.

ആദി എന്ന ടൈറ്റിൽ കഥാപാത്രമായി പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ, പ്രണവിന്റെ അച്ഛൻ ,അമ്മ വേഷങ്ങൾ സിദ്ദിഖ്,ലെന എന്നിവർ കൈകാര്യം ചെയ്യുന്നു. സുഹൃത്തുക്കളുടെ റോളിൽ ഷറഫുദീൻ,കൃഷ്ണശങ്കർ എന്നിവർ എത്തുമ്പോൾ മുൻപ് ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ റോളിലാണ് അനുശ്രീ എത്തുന്നത്. ജഗപതി ബാബു,സിജു വിൽ‌സൺ എന്നിവർ വില്ലൻ വേഷത്തിൽ എത്തുമ്പോൾ മേഘനാഥൻ ആദിയുടെ സഹായിയായി എത്തുന്നു. അഥിതി രവി നായിക പ്രാധാന്യമുള്ള റോൾ ചെയ്യുമ്പോൾ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മോഹൻലാലായി തന്നെ സിനിമയിൽ കാമിയോ റോളിൽ എത്തുന്നു.

സാധാരണ മലയാള സിനിമകളിൽ ഇന്നുവരെ കാണാത്ത ഒരു പരീക്ഷണമാണ് ജീത്തു ജോസഫ് ആദിയിൽ നടത്തിയിരിക്കുന്നത്, പാർകൗർ എന്ന അഭ്യാസമുറയാണ് ഈ സിനിമയുടെ ഹൈലൈറ്റ് , പാർകൗർ എന്ന അഭ്യാസമുറ സിനിമ മുഴുവനായും നിറഞ്ഞുനിൽക്കുന്നു , പ്രണവ് എന്ന മെയ് വഴക്കമുള്ള അഭ്യാസിയെക്കണ്ട് കയ്യടിക്കാത്തവർ ആരുംതന്നെ ഉണ്ടാവില്ല. സിനിമയുടെ പല പ്രധാന ഭാഗങ്ങളിലോക്കെ 15 മിനിറ്റുകളിലധികം വരുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന, രോമാഞ്ചമുണർത്തുന്ന പാർകൗർ സീനുകളാൽ പ്രണവ് തീയറ്റർ കീഴടക്കി. മലയാളത്തിൽ ഇന്നേവരെ ഒരു താരവും ചെയ്യാൻ തയ്യാറാവാത്തതരം ആക്ഷനാണു പ്രണവ് ആദിയിൽ ചെയ്തത്. ചെയ്ത ആക്ഷനുകളിൽ ഒന്നിൽ പോലും പ്രണവ് ഡ്യൂപ്പ് നെ ഉപയോഗിച്ചിട്ടേഇല്ല എന്ന് മേക്കിങ് വിഡിയോയിൽ നിന്ന് വ്യക്തമാണ്.

അച്ഛനായി സിദ്ധിക്കും അമ്മയായി ലെനയും മികച്ചുനിന്നപ്പോൾ വില്ലനായി ഗജപതി ബാബുവും,സിജു വിത്സനും,സിജോയ് വർഗീസും കഥക്കൊത്ത പ്രകടനം നൽകി മികവ് കാട്ടി. അനുശ്രീ പതിവ് വേഷങ്ങളിനിന്ന് മാറി കോമഡിയും ക്യാരക്ടർ വേഷവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിവുള്ള നടിയാണ് താനെന്ന് തെളിയിച്ചു. ഷറഫ് ന്റെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആദിയിലേത്.

സതീഷ് കുറുപ്പിന്റെ ചടുലമായ ക്യാമറ സിനിമക്ക് ഒരു ത്രില്ലർ സ്വഭാവം നൽകുമ്പോൾ, വ്യത്യസ്തമാർന്ന പച്ഛാത്തല സംഗീതം കൊണ്ട് അനിൽ ജോൺസൺ സിനിമയുടെ മൂഡ് നിലനിർത്താൻ സഹായിച്ചു. മോശമല്ലാത്ത പാട്ടുകൾ സിനിമക്ക് ഗുണമായി. സംവിധായകൻ എന്ന നിലയിൽ ജീത്തു ജോസെഫിന്റെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് ആദി. റൈറ്റർ എന്ന നിലയിലും ജീത്തു മികച്ചുനിന്നു.

എന്തുകൊണ്ടും പ്രണവ് മോഹൻലാൽ എന്ന താരപുത്രന് മലയാള സിനിമയിലേക്കുള്ള എൻട്രിക്ക് പറ്റിയ സിനിമ തന്നെയാണ് ആദി. ആദി പ്രണവിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച നാഴികക്കല്ല് തന്നെയാണ് . ഈ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകഹൃദയത്തിൽ പ്രണവിന് ഇടം കിട്ടും എന്നതുറപ്പാണ്.

LEAVE A REPLY