യൂട്യൂബിൽ വൈറലായിമാറിയ “പല്ലൊട്ടി” എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ജിതിൻരാജുമായി പ്രാന്തൻ നടത്തിയ അഭിമുഖം.

പ്രാന്തൻ: ഇന്നത്തെ ഷോർട് ഫിലിമുകളിൽ അധികവും വൈറലാകാൻ പാകത്തിന് സ്ഥിരം ചേരുവകൾ ചേർത്ത തേപ്പുകഥകളിൽ ഒതുങ്ങി നിൽക്കുമ്പോൾ എന്തുകൊണ്ട് ഇതുപോലെയുള്ള ഒരു പുതുമ നൽകുന്ന വിഷയം തിരഞ്ഞെടുത്തു…?

 

ജിതിൻ : ഞങ്ങൾക്ക് ഇങ്ങനെ ഒരു സ്റ്റോറി ചെയ്യാനുള്ള പ്രജോധനം ലഭിച്ചത് ഒരു സാധാരണ ചിന്തയിൽ നിന്നാണ്. അതിനെ ഡെവലപ്പ് ചെയ്താണ് ഇന്നത്തെ പല്ലൊട്ടിയാക്കിയത്. പിന്നെ ഒരു ഷോർട് ഫിലിം ചെയ്യുമ്പോൾ സ്ഥിരം കണ്ടുവരുന്ന രീതിയിലുള്ള ഒരു വിഷയമാകരുതെന്നും അതോടൊപ്പം കാണുന്നവർക്ക് തങ്ങളുടെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കണം എന്നീ നിർബന്ധങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടൊക്കെയാവാം പല്ലൊട്ടിയെ നല്ല പ്രതികരണങ്ങൾ നൽകി പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

പ്രാന്തൻ :പല്ലൊട്ടിയിൽ അഭിനയിച്ചിരിക്കുന്ന കുട്ടികൾ അതായത് കണ്ണൻ ചേട്ടൻ ഉണ്ണിക്കുട്ടൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നീരജ് കൃഷ്ണ, ഡാവിഞ്ചി സന്തോഷ് അവർക്ക് ഈ ചിത്രത്തിന്റെ വിജയത്തിൽ നല്ലൊരു പങ്കുണ്ട്. എങ്ങനെയാണ് ഇത്രയും ആപ്റ്റായ രണ്ടുകുട്ടികളെ ജിതിനും സംഘവും കണ്ടെത്തിയത്..?

ജിതിൻ : ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രാധാന്യമുണ്ട് അതുകൊണ്ടുതന്നെ അഭിനേതാക്കളെ കണ്ടുപിടിക്കാൻ കുറച്ചുബുദ്ധിമുട്ടി. ഉണ്ണിക്കുട്ടനെ അവതരിപ്പിച്ച നീരജ് കൃഷ്ണ എന്റെ ഒരു സുഹൃത്തിന്റെ മകനാണ്. പക്ഷെ കണ്ണൻചേട്ടനെ കണ്ടുപിടിച്ചത് കുറച്ച് കഷ്ടപ്പെട്ടാണ് ഈ കഥാപാത്രത്തെയാണ് ഞാൻ ഏറ്റവും കൂടുതൽ തിരഞ്ഞതും ഏറ്റവും അവസാനം കാസ്റ് ചെയ്തതും.

ഡാവിഞ്ചി സന്തോഷ് അവതരിപ്പിച്ച ആ കഥാപാത്രത്തെയാണ് അവസാനം പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാവുക എന്നറിയാവുന്നതുകൊണ്ട് ഞാൻ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, അപ്പോഴാണ് ഡാവിഞ്ചി സന്തോഷിന്റെ അച്ഛന്റെ ഫേസ്‍ബുക്ക് പോസ്റ്റിൽ ബർത്ത് ഡേ ബോയിയുടെ വേഷത്തിൽ നിൽക്കുന്ന മോനെ കണ്ടത് ഞാൻ അപ്പോൾ തന്നെ അവനെ വിളിക്കുകയാണ് ചെയ്തത്.അവർ രണ്ടുപേരും മികച്ച പ്രകടനമാണ് ഞങ്ങൾക്ക് തന്നത്.

പ്രാന്തൻ : ഈ ചിത്രം കണ്ടിട്ട് ആരെങ്കിലും വിളിച്ച് ഇത് ആരെയെങ്കിലുമായി റിലേറ്റ് ചെയ്യാൻപറ്റുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ടോ? ഇത്ര മനോഹരമായി ഇങ്ങനെയൊരു കഥ പറയണമെങ്കിൽ നിങ്ങളുടെ കുട്ടിക്കാലം ഇതിനേക്കാൾ മധുരമുള്ളതായിരിക്കണം!!

 

ജിതിൻ : അത് സത്യമാണ് , എല്ലാവരും പറയുന്നത് ഈ കഥാപാത്രങ്ങളിലായി അവർക്ക് തോന്നുന്നത് എന്നെയും എന്റെ സുഹൃത്തുക്കളെയുമാണ് എന്നാണ്. ഞങ്ങൾ അറിഞ്ഞതും ചെയ്തതും കണ്ടതുമായ കാര്യങ്ങളൊക്കെത്തന്നെയാണ് ഞങ്ങൾ പറയാൻ ശ്രമിച്ചത്. ഞാൻ പഠിച്ചതും വളർന്നതും ഒക്കെ ഒരു സാധാരണക്കാരനായിട്ടാണ്, സാധാരണ ഗവണ്മെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത് ഞങ്ങളുടെ സ്കൂളിലേക്കുള്ള യാത്രകളും, ഞങ്ങൾ കണ്ട കാഴ്ചകളും ഒക്കെ ഞങ്ങൾക്ക് പല്ലൊട്ടിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ വിജയമായികാണുന്നത്.

പ്രാന്തൻ :ഈ ഹ്രസ്വചിത്രത്തെ ഇത്രത്തോളം വലിയ വിജയമാക്കാൻ ഇതിലെ ലൊക്കേഷൻ സഹായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ എവിടെയെല്ലാമായിരുന്നു..?

 

 

ജിതിൻ : പ്രധാനമായും ഞങ്ങളുടെ ലൊക്കേഷൻ ത്രിശൂർ ജില്ലയിലെ പുള്ള്,പാലക്കൽ എന്നിവിടങ്ങളിലായിരുന്നു. നമ്മുടെ പ്രശസ്ത നടി മഞ്ജു വാര്യർ ന്റെ വീടിന്റെ അടുത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ ചിത്രം മഞ്ജു വാര്യരെ കാണിക്കുക അവരുടെ അഭിപ്രായം കേൾക്കുക എന്നതാണ് .

പ്രാന്തൻ : ഇനി എന്താണ് ജിതിന്റെ അടുത്ത പ്ലാൻ ?

ജിതിൻ :ഞങ്ങൾ ഒരു ടീം ഉണ്ട് ഞാനും പ്രൊഡ്യൂസർ നാസർ സ്മാർട്ട് ഫ്യുൽസ്,     ക്യാമറ ചെയ്ത രമേഷ് കണ്ണമ്പള്ളി , എഡിറ്റിംഗ് ചെയ്ത രോഹിത് , ഗൗതം , ഷാരോൺ ശ്രീനിവാസ് ഞങ്ങൾ അഞ്ച് പേരാണ് ഈ ചിത്രത്തിനു വേണ്ടി ഒറ്റക്കെട്ടായി ശ്രമിച്ചുകൊണ്ടിരുന്നത്. പല്ലൊട്ടി ഹിറ്റായതുകൊണ്ടുതന്നെ ഞങ്ങളുടെ അടുത്ത വർക്ക് ആൾക്കാർ നന്നായി പ്രതീക്ഷിക്കും അതുകൊണ്ട് നന്നായി വെയിറ്റ് ചെയ്തിട്ട് ഒരു നല്ല വർക്കിലേക്ക് പോണം എന്നാണ് വിചാരിക്കുന്നത്.

1 COMMENT

LEAVE A REPLY