മരണശേഷം ദേശീയ പുരസ്കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!
മികച്ച നടിയും നടനും ആരെന്ന് അറിയാനുള്ള കാത്തിരിപ്പിനു ശേഷം അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നും മികച്ച നടിയായി സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത്തവണയും മലയാള സിനിമ വലിയ പ്രതീക്ഷയോടെയാണ് പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരുന്നത്.
എന്നാൽ ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയാണ്. അഞ്ച് ദശാബ്ദത്തോളം ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നെങ്കിലും മരണത്തിന് ശേഷമാണ് ശ്രീദേവയിയെ തേടി ദേശീയ പുരസ്കാരം എത്തിയത്. മരണാന്തരം ദേശീയ പുരസ്കാരം കിട്ടുന്ന ആദ്യ നടി കൂടിയാണ് ശ്രീദേവി. മാത്രമല്ല ഇത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടും ആദ്യമായിട്ടാണ് ശ്രീദേവിയ്ക്കൊരു ദേശീയ പുരസ്കാരം കിട്ടുന്നത്.
മോം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ശ്രീദേവിയെ തേടി പുരസ്കാരം എത്തിയത്. രവി ഉദ്യാവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒപ്പം സജല്‍, നവാസുദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാന് താരങ്ങളായ അദ്നാന്, എന്നിവരായിരുന്നു സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.