പ്രാന്തന്റെ പഞ്ച് ചോദ്യങ്ങൾ- രമേഷ് പിഷാരടി സംസാരിക്കുന്നു.

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ വന്ന് സ്റ്റാൻഡപ്പ് കൊമേഡിയനായ് തിളങ്ങി മലയാളികളുടെ പ്രിയങ്കരനായി മാറിയ രമേഷ് പിഷാരടി….. ബഡായ് ബംഗ്ളാവിന്റെ സ്വന്തം പിഷു… ഇപ്പോൾ ഒരു ഹിറ്റ് സംവിധായകനാണ്, പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റി സൂപ്പർ ഹിറ്റിലേക്ക് നീങ്ങുന്ന ജയറാം, കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പഞ്ചവർണ്ണതത്തയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് രമേഷ് പിഷാരടി സിനിമാ പ്രാന്തനോടൊപ്പം.

 

പ്രാന്തൻ : പഞ്ചവർണ്ണതത്ത കുട്ടികളും കുടുംബങ്ങളും കണ്ടിരിക്കേണ്ട സിനിമയാണ് എന്ന അഭിപ്രായത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ് ഈ അഭിപ്രായത്തെ എങ്ങനെ കാണുന്നു?

പിഷാരടി: ഒരു ചെറിയ കുട്ടി മുതൽ ഒരു വൃദ്ധൻ വരെ ഒരു കുടുംബത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ ഒരു ചെറിയ രൂപമാണ് ഒരു കുടുംബം.വീഗാലാന്റിൽ പോകുമ്പോൾ പ്രായമായവർ കുട്ടികളെയും നോക്കികൊണ്ട്‌ മാറിയിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.അങ്ങനെ ആരേം മാറ്റിനിർത്താതെ ഏല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയാകണം പഞ്ചവർണതത്ത എന്നുണ്ടായിരുന്നു.

പ്രാന്തൻ : ജയറാം എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെയാണ് പഞ്ചവർണ്ണതത്തയിൽ സിനിമ പ്രേമികൾ കണ്ടത് .ഈ കഥാപാത്രത്തെ ജയറാമേട്ടനെ ഏല്പിക്കാൻ കാരണം ?

പിഷാരടി: ഒരു കാരണം ഞങ്ങളുടെ സൗഹൃദം തന്നെയാണ്. മനുഷ്യരെക്കാളും മൃഗങ്ങൾ അഭിനയിക്കുന്ന സിനിമയാണ് പഞ്ചവർണ്ണതത്ത. നമ്മുടെ സമയത്തിന് മൃഗങ്ങൾ സഹകരിക്കില്ല. അതിനു വേണ്ടി കാത്തിരിക്കണം . ഈ കഥാപാത്രം മൃഗങ്ങളായി അടുത്ത ഇടപെഴുകുന്ന ഒരാളാണ് . അതുകൊണ്ടുതന്നെ നല്ല ക്ഷമവേണം. അതിനേക്കാളുപരി ജയറാം മലയാള പ്രേക്ഷകരിക്ക് ഇഷ്ട്ടമുള്ള നടനാണ്. അങ്ങനെയാണ് ഈ കഥാപാത്രം ജയറാമേട്ടനിൽ എത്തിയത്.

പ്രാന്തൻ: ചിത്രത്തിന്റെ പ്രമേയം എടുത്തു പറയേണ്ട ഒന്നാണ്. തീർത്തും സേഫ് സോണിൽ നിന്നും ചിത്രമെടുക്കാമായിട്ടും കുടുംബബന്ധങ്ങളുടെ കഥപറയുന്ന ഇതുപോലുരു സിനിമ എടുക്കാൻ ലഭിച്ച ധൈര്യം എന്താണ് ?

പിഷാരടി: 18 വര്ഷം ഞാൻ ആളുകൾക്ക് വേണ്ടി എന്ത് ചെയ്‌തോ അത് തന്നെ എന്റെ സിനിമയിലും ആവർത്തിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. എനിക്ക് വേണമെങ്കിൽ സേഫ് സോണിൽ നിന്ന് കോമഡി ചിത്രം ചെയ്യാമായിരുന്നു. അതിന് പകരം ഞാൻ ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുക്കാൻ കാരണം എനിക്കും എന്റെ കാണികൾക്കും ഒരു മാറ്റം വേണം എന്നുവിചാരിച്ചാണ്. സ്വാഭാവിക നർമങ്ങൾ ചിത്രത്തിലെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുന്നുമുണ്ട്.

പ്രാന്തൻ: വെള്ളാനകളുടെ നാട് , ഏയ് ഓട്ടോ, അനന്തഭദ്രം,ചോട്ടാമുംബൈ തുടങ്ങിയ മികച്ച സിനിമകൾ നിർമിച്ച ആളാണ് മണിയൻപിള്ള രാജുവേട്ടാൻ. രാജുവേട്ടൻ ഒരു നിർമാതാവ് എന്ന നിലയിൽ എത്രത്തോളം സപ്പോർട്ട് ചെയ്യ്തിട്ടുണ്ട് ?

പിഷാരടി: ഷൂട്ടിംഗ് തുടങ്ങിയ ദിവസം മുതൽ സിനിമ തീയേറ്ററുകളിൽ എത്തുന്നത് വരെ കൂടെ നിന്ന വ്യക്തിയാണ് മണിയൻപിള്ള രാജു. ഒരു ബിസിനെസ്സ്കാരാനല്ല, ഒരു കലാകാരനാണ് അദ്ദേഹം.. ഈ ചിത്രത്തിനോടനുബന്ധിച്ച എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നതും സഹകരിച്ചതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തെപ്പോലെ ഒരു പ്രൊഡ്യൂസർ അല്ലായിരുന്നെങ്കിൽ ഈ സിനിമ എത്രയും വേഗം തീയറ്ററിൽ എത്തില്ലായിരുന്നു.

പ്രാന്തൻ: ധർമ്മജൻ രമേഷ് പിഷാരടി കോമ്പിനേഷനുകൾ സിനിമയിലായാലും സ്റ്റേജിലായാലും പ്രേക്ഷകർക്കെന്നും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ്. ഇവിടെ പഞ്ചവർണ്ണതത്തയിൽ ഒരു സംവിധായകനായിമാറിയപ്പോൾ ധർമജൻ എന്ന സുഹൃത്തിനെ ഡയറക്റ്റ് ചെയ്തപ്പോൾ എന്തെല്ലാം ഉത്തരവാദിത്വങ്ങളാണ് ഉണ്ടായിരുന്നത് ?

 

പിഷാരടി: ഞാൻ സംവിധായകനാണ്…. ധർമജൻ അഭിനേതാവാണെന്നതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നം അല്ല ഞാൻ ഉദ്ദേശിക്കുന്നത് അവനും അവൻ ഉദ്ദേശിക്കുന്നത് എനിക്കും ഒരു നോട്ടം കൊണ്ട് മനസിലാക്കാൻ സാധിക്കും. അതാണ് ഞങ്ങളുടെ സൗഹൃദം, അതാണ് ഞങ്ങളുടെ വിജയം.

മലയാളി സിനിമാ പ്രേക്ഷകർക്ക് പഞ്ചവർണ്ണതത്തയിലൂടെ ഒരു മികച്ച കാഴ്ചാനുഭവം ഒരുക്കി ഒരൊറ്റ സിനിമകൊണ്ട് ജനപ്രീയസംവിധായകരുടെ നിരയിലേക്കുയർന്ന രമേഷ് പിഷാരടിക്ക്… പ്രാന്തന്റെ സ്വന്തം പിഷാരടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും മലയാളസിനിമാപ്രേക്ഷകരെ ഞെട്ടിക്കുംവിധമുള്ള സബ്ജക്റ്റുകളുമായി വീണ്ടും വരിക….ചരിത്രം സൃഷ്ടിക്കുക… പ്രാന്തൻ കാത്തിരിക്കും.

LEAVE A REPLY