നസീറുദ്ദീൻ ഷാ….

നസീറുദ്ദീൻ ഷാ, ആ പേര് കേൾക്കുമ്പോൾ നമ്മളിൽ പലർക്കും ഓർമ വരുന്നത് പൊന്തൻ മാടയിലെ കുതിര വണ്ടിയിൽ വരുന്ന സായിപ്പിനെ ആയിരിക്കും. അതേ, പൊന്തൻ മാട എന്ന ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം നമ്മെ വിസ്മയിപ്പിച്ച കഥാപാത്രമായിരുന്നു നസീറുദ്ദീൻ ഷാ അവതരിപ്പിച്ച ഫ്യൂഡൽ ജന്മിയുടെ കഥാപാത്രം.

മെഴുകുതിരികൾ കത്തിച്ചു വച്ച മുറിയിൽ പാശ്ചാത്യ വേഷവിധാനത്തിൽ ഒറ്റയ്ക്ക് ചുവടു വയ്ക്കുന്ന സായിപ്പിനെ നമ്മൾ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. നസീറുദീൻ ഷാ ഇന്ത്യൻ സമകാലിക സിനിമയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ്. ഹിന്ദി, മലയാളം, തമിഴ്, തുടങ്ങിയ മിക്ക ഇന്ത്യൻ ഭാഷകളിലും ഹോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1950 ജൂലൈ 20 ന് ജനിച്ച അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സ്കൂൾ ഓഫ് ഡ്രാമ, എന്നിവിടങ്ങളിൽ പഠിച്ചയാളാണ്.

മൂന്ന് ദേശീയ അവാർഡുകൾ കരസ്‌ഥമാക്കിയ ഷായെ പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. മൊഹ്‌റ എന്ന ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം 1992ൽ പുറത്തിറങ്ങിയ ചമത്കാർ എന്ന ചിത്രത്തിലെ ഭൂതത്തിന്റെ വേഷവും ബോളിവുഡ് വാണിജ്യ സിനിമകളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തി. സമാന്തര സിനിമകളിലായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. നിഷാന്ത്, കഥ, മൊഹ്‌റ, ചമതകർ, മിർച് മസാല, ജൽവാ എന്നിവ പ്രധാന ചിത്രങ്ങളാണ്.

സിനിമയോടൊപ്പം നാടക വേദികളിലും സ്‌ഥിര സാന്നിധ്യമായിരുന്നു ഷാ. കമൽ ഹാസന്റെ ഹേ റാം എന്ന ചിത്രത്തിലൂടെ ‘ഗാന്ധി ‘ആയി അഭിനയിക്കാനുള്ള അദേഹത്തിന്റെ ആഗ്രഹവും സാധ്യമായി. ‘യു ഹോത്താ തോ ക്യാ ഹോത്താ ‘എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ സംവിധായകാനായും അരങ്ങേറ്റം നടത്തി. The league of extraordinary gentlemen, monsoon wedding, തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സർഫെറോഷ് എന്ന ആമിർഖാൻ ചിത്രത്തിലെ ഗസൽ ഗായകനെയും, പൊന്തൻ മാടയിലെ സായിപ്പിനെയും ഡർട്ടി പിക്ചറ്‌റിലെ സൂപ്പർ സ്റ്റാറിനെയും, കഴുത വലിക്കുന്ന ശവപ്പെട്ടിയിൽ നിന്നും എഴുന്നേറ്റു വരുന്ന ഭൂതം, അടക്കം ഒട്ടനവധി കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഷാ, നടനായും, പരിസ്‌ഥിതി, പ്രവർത്തകനായും തന്റെ കർമ്മമണ്ഡലത്തിൽ ഇപ്പോഴും സജീവമാണ്.

LEAVE A REPLY