“ഇരകൾ “വീണ്ടും ചർച്ച ചെയ്യുമ്പോൾ കെ ബി ഗണേഷ് കുമാർ വില്ലനോ ?നായകനോ ??

1985 ൽ കെ ജി ജോർജ് സംവിധാനം ചെയ്തു നടൻ സുകുമാരൻ നിർമിച്ച ചിത്രമായിരുന്നു ‘ഇരകൾ ‘.
‘ഇരകളുടെ ‘പ്രസക്തി എന്തെന്നാൽ ഇതൊരു സൈക്കോ ത്രില്ലെർ ചിത്രമാണ്.
മലയാളത്തിൽ വളരെ കുറച്ചു മാത്രമേ ഈ വിഭാഗത്തിൽ സിനിമകൾ പുറത്തു വന്നിട്ടുള്ളൂ. അതിൽ തന്നെ ഏറ്റവും മികച്ചതാണ് ‘ഇരകൾ ‘.
ഇന്നും പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയമാണ് ഇരകൾ കൈകാര്യം ചെയ്യുന്നത്.
ഇരയും വേട്ടക്കാരനും ഒരാളാവുക. അതൊരു അപകടം പതിയിരിക്കുന്ന, സന്ഗീർണമായ ഒന്നാണ്.
ലളിതമായി മറ്റൊരു രീതിയിൽ പറഞ്ഞാൽ നായകനും വില്ലനും ഒരാൾ തന്നെ ആകുക.
ഇതേ രീതിയിൽ മലയാളത്തിന് പുറത്ത് മറ്റു ഭാഷകളിൽ അനേകം ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ടാകാം.
പക്ഷെ കെ ജി ജോർജ് ഇരകൾ എടുക്കുമ്പോൾ വിരലിലെണ്ണാവുന്ന സിനിമകളെ ഇന്ത്യൻ ഭാഷകളിൽ സംഭവിച്ചിട്ടുള്ളൂ.
തെക്കൻ കേരളത്തിലേ ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. റബ്ബർ എസ്റ്റേറ്റും കള്ള തടി വെട്ടും, കഞ്ചാവും, ഒക്കെയായി ജീവിക്കുന്ന മാത്തുക്കുട്ടി എന്ന എസ്റ്റേറ്റ് മുതലാളിയും അയാളുടെ നാലു മക്കളും ഭാര്യയും വല്യപ്പനും അടങ്ങുന്ന കുടുംബം.
നില നില്പിനു് വേണ്ടി സ്വന്തം സമൂഹത്തോടും, കുടുംബത്തോടും അനീതി കാണിക്കുന്ന മാത്തുക്കുട്ടിയും രണ്ടു ആൺ മക്കളും എന്നാൽ ഇളയവാനായ ബേബി ഇതിൽ നിന്നും വിപരീതമാണ്.
ചുറ്റുപാടുകളിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ അയാൾ സ്വയം വേട്ടക്കാരനാകുന്നു.
അയാൾ വേട്ടയാടുന്നത് തനിക്ക് വേണ്ടപ്പെട്ട താൻ സ്നേഹിക്കേണ്ടവരെ തന്നെ. അവസാനം തന്റെ പിതാവിന് നേരെ തന്നെ ബേബി തോക്ക് ചൂണ്ടുന്നു.
സ്നേഹം നിർബന്ധപൂർവം മറ്റുള്ളവരിൽ നിന്നും പിടിച്ചു വാങ്ങുകയാണ് ബേബി.
ധനവും സ്വാധീനവും കൊണ്ട് എന്തും നേടാം എന്ന് കരുതുന്ന മാത്തുകുട്ടിയും കുടുംബവും സ്വയം വേട്ടയാടപ്പെടുന്നു.
കഥാപാത്രത്തിന്റെ സൈക്കിക് സ്വഭാവത്തിനനുസരിച്ചുള്ള സംഭാഷണങ്ങളും, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ആണ് ചിത്രത്തിനുള്ളത്.
റബ്ബർ തോട്ടവും അതിനു നടുക്കുള്ള ബംഗ്ളാവും, അരുവിയും എല്ലാം ചിത്രത്തിന് ഒരു വല്ലാത്ത ഫീൽ നൽകുന്നു.

റബ്ബർ തോട്ടത്തിൽ, ആകാശത്തേക്ക് നോക്കി കിടന്നു കൊണ്ട് ബേബി പറയുന്ന ഡയലോഗുകൾ കഥാപാത്രത്തിന്റെ സൈക്കിക് സ്വഭാവം വിളിച്ചോതുന്നു.
“ഈ റബ്ബർ പാലിന് വെളുത്ത നിറത്തിന് പകരം ചോരയുടെ ചുവപ്പ് നിറമായിരുന്നുന്നെങ്കിൽ എന്ത് രാസമായേനെ അല്ലെ ?…
ബേബി ആയി ഗണേഷ് കുമാർ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്.
മാത്തുക്കുട്ടി ആയി തിലകന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ആ വർഷത്തെ ദേശീയ പുരസ്‌കാരം അവസാന റൗണ്ടിൽ ആണ് തിലകന് നഷ്ടമായത്.. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സ്റ്റേറ്റ് അവാർഡും, മികച്ച കഥക്കുള്ള അവാർഡും ചിത്രം നേടി.
മനോജ്‌ നൈറ്റ് ശ്യാമളന്റെ ചിത്രങ്ങളിൽ അടക്കം മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയും അതിനു പ്രകൃതി നൽകുന്ന ശിക്ഷയും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ കെ ജി ജോർജ് തന്റെ ചിത്രത്തിലൂടെ മനുഷ്യൻ സമൂഹത്തിനും അവനും തന്നെ എതിരായി പ്രവർത്തിക്കുകയും അതിനു വിധിയുടെ രൂപത്തിൽ പ്രകൃതി തന്നെ അവനെ തിരിച്ചു ശിക്ഷിക്കുന്നതായും വായിക്കാം.
1985ൽ ഈ ചിത്രം സാമ്പത്തികമായി ഒരു പരാജയം ആയിരുന്നു.
എന്നാൽ ഇന്നും കാലാനുവർത്തിയായി നല്ല ഒരു സിനിമയായി, ഒരു കലാസൃഷ്ടിയായി ഇരകൾ നില നിൽക്കുന്നു.
1985ൽ ചിത്രം ഒരുക്കാൻ നിർമാതാവ് എന്ന രീതിയിൽ നടൻ സുകുമാരൻ കെ ജി ജോർജിന് നൽകിയ പിന്തുണ ഓർക്കേണ്ടതാണ്.
സണ്ണി എന്ന കഥാപാത്രമായും സുകുമാരൻ ചിത്രത്തിൽ നിറഞ്ഞു നിന്നു.
ഒരിക്കലും ആവർത്തിക്കാതെ, പുതിയ തരത്തിലുള്ള സിനിമകൾ ചെയ്തു വന്നിരുന്ന കെ ജി ജോർജിന്റെ ഒരു അതുല്യ കലാസൃഷ്ടി തന്നെയാണ് “ഇരകൾ “എന്ന് നിസ്സംശയം പറയാൻ സാധിക്കും

LEAVE A REPLY