സുഡാനി ഫ്രം നൈജീരിയ/റിവ്യൂ

ഇന്ന് സുഡാനിയുടെ ദിവസമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന പേര് കേട്ടപ്പോൾ തുടങ്ങിയ കൗതുകം ചിത്രത്തിന്റെ അണിയറക്കാരെ അറിഞ്ഞതോടുകൂടി പ്രതീക്ഷകളുടെ കൊടുമുടിയിൽ എത്തിച്ചിരുന്നു.
പ്രതീക്ഷകളെ തെറ്റിക്കാതെ ഗ്രാമീണ പച്ഛാത്തലത്തിൽ ഒരുക്കിയ ഒരു നല്ല ഫീൽ ഗുഡ് സിനിമ തന്നെയാണ് സുഡാനി ഫ്രം നൈജീരിയ.

മജീദ് എന്ന മലപ്പുറംകാരനും നൈജീരിയക്കാരൻ സാമുവൽ അബിയോള റോബിൻസൺ എന്ന സുഡാനിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. പ്രത്യേകിച്ചൊരു ലാഭവുമില്ലാഞ്ഞിട്ടും സെവൻസ് ക്ലബ് നടത്തിക്കൊണ്ടു പോകുന്ന മജീദിന്റെ ക്ലബിലെ കളിക്കാരാണ് സുഡാനിയും അവന്റെ ചങ്ങാതിമാരും. ഒരു ദിവസം പെട്ടെന്ന് സുഡാനിക്ക് ചെറിയൊരു അപകടം സംഭവിക്കുന്നു. തുടർന്ന് അവന്റെ സംരക്ഷണം മജീദിന് ഏറ്റെടുക്കേണ്ടി വരുന്നു, പിന്നീടങ്ങോട്ടുള്ള ഇരുവരുടെയും ജീവിതവുമാണ് ചിത്രത്തിൽ സ്വാഭാവികമായ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ ചിരിക്കാൻ വേണ്ടി ഒരു തമാശപോലും ഉണ്ടാക്കിയിട്ടില്ല മറിച്ച് കഥയിൽ സംഭവിക്കുന്ന സാധാരണ സംഭവങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ച് നാച്ചുറൽ ഹ്യൂമറിന്റെ കൊടുമുടി കയറാൻ അഭിനേതാക്കൾക്കും സ്ക്രിപ്റ്റിനും കഴിഞ്ഞു എന്നുള്ളതാണ് സുഡാനിയുടെ വിജയം.

ചിരിപ്പിക്കുന്നതാണ് സുഡാനിയുടെ ആദ്യ പകുതി. സെവൻസ് ക്ലബ് നടത്തിക്കൊണ്ടുപോകുന്ന മജീദിന്റെയും (സൗബിൻ) ചങ്ങാതിമാരുടെയും ഫുട്‌ബോൾ മത്സരങ്ങളിലൂടെയും നാട്ടിൻപുറത്തെ വിശേഷങ്ങളിലൂടെയും കടന്നുപോകുന്ന രസകരമായ ആദ്യ പകുതി രണ്ടാം ഭാഗത്തേക്ക്ക് കടക്കുമ്പോൾ കുറച്ച് ഗൗരവമുള്ള വിഷയങ്ങളും സുഡാനി പറഞ്ഞുവെക്കുന്നു.

സൗബിനും അനീഷ് ജി. മേനോനും കെ.ടി.സി. അബ്ദുല്ലയുമൊഴികെ വമ്പൻ താരനിരയില്ലാത്ത സിനിമയായിട്ടും ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നതിന്റെ സഭാകമ്പമൊന്നും പുതുമുഖങ്ങളായി എത്തിയ അഭിനേതാക്കളാരും പ്രകടിപ്പിക്കാത്തത് സിനിമക്ക് ഗുണം ചെയ്തു. സുഡാനിയും ഒാമനത്തം നിറഞ്ഞ ഉമ്മമാരും സൗബിന്റെ ചങ്ങാതിമാരുടെ വേഷം ചെയ്തവരും എല്ലാം ആസ്വാദകനെ പ്രത്യേകം ആകർഷിക്കും. സുഡാനിയും ഉമ്മമാരും ചേർന്നുള്ള രംഗങ്ങൾ വളരെ ഹൃദ്യമായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ചിത്രത്തിന് ഗ്രാമീണതയുടെ തനിമ നൽകിയപ്പോൾ റെക്സ് വിജയന്റെയും ഷഹബാസ് അമന്റെയും സംഗീതം സുഡാനിയുടെ ആത്മാവായി. എന്തുകൊണ്ടും സക്കറിയ എന്ന നവാഗത സംവിധായകന്റെ വരവറിയിച്ച ചിത്രം തന്നെയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിന്റെ രചന പങ്കാളി മുഹ്‌സിൻ പെരാരിയും അഭിനന്ദനങ്ങളർഹിക്കുന്നു.

സുഡാനി ഫ്രം നൈജീരിയ ഒരു ഉത്സവമാണ് ഫുട്ബോളിന്റെ , ഒരു നാടിന്റെ, സ്നേഹത്തിന്റെ, നന്മയുടെ, ആത്മബന്ധത്തിന്റെ അങ്ങനെ എല്ലാം തികഞ്ഞ ഒരു ഉത്സവം തന്നെയാണ് നമ്മുടെ സുഡാനി.

LEAVE A REPLY