രാഗം തീയേറ്ററിന്റെ കർട്ടൻ നീണ്ട അഞ്ചു വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഉയരുമ്പോൾ …ഓർമകളിൽ പഴയ രാഗം ….

തൃശ്ശൂർക്കാർക്കു പൂരം പോലെ തന്നെ പ്രിയപ്പെട്ടതാണ് സിനിമയും .അത്ര തന്നെ പ്രിയപ്പെട്ടതായിരുന്നു സ്വരാജ് റൗണ്ടിലെ രാഗം തീയേറ്റർ .ഒരു കാലഘട്ടത്തിലെ തൃശൂരിലെ എല്ലാ ഗഡികളുടെയും ഒരു പൂരപ്പറമ്പ് തന്നെയായിരുന്നു രാഗം തീയേറ്റർ ,നാല് വര്ഷം മുൻപ് പൂട്ടി താഴ് വീഴുമ്പോൾ എല്ലാ തൃശൂർക്കാരുടെയും ഉള്ളൊന്നു വിങ്ങിയിട്ടുണ്ടാവും .കാരണം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അവർക്കു രാഗം .തൃശൂർ കാരുടെ എല്ലാ ആഘോഷങ്ങൾക്കും ഒപ്പം ഉണ്ടായിരുന്ന രാഗം .

1974 ആഗസ്ത് 24 നാണ് ‘രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ ‘നെല്ല്’. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ ‘രാഗ’ത്തിലെത്തിയിരുന്നു .തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം.


ആധുനിക ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍. മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം രാഗത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം ‘തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം ‘പടയോട്ടം’, ആദ്യത്തെ ത്രീഡി സിനിമ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു..ഷോലെ’, ‘ബെന്‍ഹര്‍’, ‘ടൈറ്റാനിക്’ തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. ‘ടൈറ്റാനിക്’ 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് ‘ദൃശ്യം’ പ്രദര്‍ശിപ്പിച്ചപ്പോഴാണ്. സ്വാതന്ത്യ സമരസേനാനി വി.ആര്‍ കൃഷ്ണന്‍ഴുത്തച്ഛനെ ആദരിക്കുന്ന ചടങ്ങിന് രാഗം തിയേറ്റര്‍ വേദിയായിരുന്നു..

രാഗം തീയേറ്റർ പൂട്ടിയതിനു ശേഷം പല അഭ്യൂഹങ്ങളും പരന്നിരുന്നു .പകരം ഷോപ്പിംഗ് കോംപ്ലക്സ് വരും ,മുൾട്ടിപ്ലെക്സ് വരും അങ്ങനെ …എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം ആയിരിക്കുകയാണ് .തൃശൂരിന്റെ രാഗം വീണ്ടും ആരംഭിക്കുന്നു .

വരുന്ന ഒക്ടോബര് പത്തിന് രാഗം വീണ്ടും പ്രവർത്തനം ആരംഭിക്കും .കായംകുളം കൊച്ചുണ്ണി ആണ് ഉദ്ഘാടന ചിത്രം .അത്യാധുനിക സംവിധാനത്തോട് കൂടി വരുന്ന തീയേറ്റർ മൾട്ടിപ്ളെക്സ് അല്ല .ഒരു തീയേറ്റർ മാത്രമേ ഉള്ളൂ .അതിനു അണിയറ പ്രവർത്തകർ പറയുന്ന കാരണം ഹോം തീയേറ്റർ അല്ല രാഗം ,ചെറിയ ബോക്സിൽ ഇരുന്നു കാണാൻ .രാഗം തീയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകാൻ ആഗ്രഹിക്കുന്നു എന്നാണു .എന്നാൽ മൾട്ടിപ്ളെക്സ് പോലെ വലിയ ചാർജും ഈടാക്കുന്നില്ല. 880 സീറ്റുകൾ ഉണ്ട് .70 എംഎം സ്ക്രീൻ ജർമനിയിൽ നിന്നും ഇമ്പോർട്ട് ചെയ്തതാണ് 4 കെ ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു .ഒപ്പം ചുറ്റു ഗോവണിയും മാൻ മെഷീനിനിന്റെ ദി റോബോട്ട് ആൽബത്തിന്റെ അകമ്പടിയോടു കൂടിയ കർട്ടൻ റൈസും നില നിർത്തിയിട്ടുണ്ട് .

25 രൂപാ ടിക്കറ്റ് ഇല്ലെങ്കിലും തൃശ്ശൂർക്കാരുടെ ഗൃഹാതുരത്തിനും പുതിയ സാങ്കേതിക വിദ്യക്കും ഒപ്പം എന്നും നിൽക്കുന്ന രാഗം വീണ്ടും ഉണരുകയാണ് .അപ്പോൾ ഈ വരുന്ന ഒക്ടോബർ പത്തിന് ‘മ്മടെ രാഗത്തിൽ കാണാം ‘….

LEAVE A REPLY