മരണ ദേശത്തെ ആത്മാക്കളുടെ കഥ/പ്രാന്തൻസ് റിവ്യൂ

“മരണത്തെ ആഘോഷമാക്കുന്ന ദേശം.
ഓരോ മരണവും സുലൈമാനിയുടെ കടുപ്പത്തിലും,
മൊരിയുന്ന നെയ്യപ്പത്തിന്റെ മധുരത്തിലും ദേശത്തിന് ആഘോഷമാക്കുന്ന ഗ്രാമം.
ഈ മരണ ഗ്രാമത്തിന്റെ കഥയാണ് ഇബ്‌ലീസ്.

മരണമറിയിച്ചുള്ള കൂമന്റെ ഓരോ വരവുകളിലും ദേശത്തുകാരുടെ മരണ വിരുന്നുകൾ ഉണ്ടായിരുന്നു. വീശിയടിക്കുന്ന വരണ്ട പാലക്കാടൻ കാറ്റിന്റെ മറവ് പറ്റി പെട്രോമാക്സിന്റെ വെളിച്ചവും കോളാമ്പി പാട്ടൊഴുക്കിന്റെ താളത്തിലുമൊക്കെ ദേശത്തുകാർ മരണത്തെ ഉത്സവമാക്കുന്നു. അക്കരെ നാടിന്റെ കരച്ചിലും,വിചാര വികാരങ്ങളുമൊന്നും ദേശത്തെ സ്വാധീനിക്കുന്നില്ല. ദേശത്തിനെന്നും മരണത്തിന്റെ മണവും മുഖവും സൗന്ദര്യവുമാണ്.
ജീവനുള്ള ദേഹങ്ങൾക്കും ആത്മാക്കൾക്കും ഇടയിൽ നടക്കുന്നൊരു കെട്ടുകഥ ഇതാണ് ഇബ്‌ലീസ് പറയുന്ന കഥ.

‘Adventures of ഓമനക്കുട്ടന് ശേഷം’
രോഹിത് വി എസ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ശ്രീലക്ഷ്മി,ഭൂപൻ,ജീത്തു എന്നിവർ ചേർന്നാണ്.
തന്റെ മുൻചിത്രത്തെ പോലെ തന്നെ വളരെ വ്യത്യസ്തമായൊരു കഥയുമായി വന്ന ഇബ്‌ലീസിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ‘ആസിഫ് അലി’യാണ്. ആസിഫിനൊപ്പം മഡോണ സെബാസ്റ്റ്യൻ,
ലാൽ,സിദ്ധിഖ്,സൈജു കുറുപ്പ്,അജു വർഗീസ്,
മാസ്റ്റർ ആദിഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
രോഹിത്തിന്റെ കഥയ്ക്ക് സമീർ അബ്ദുളാണ് കെട്ടുറപ്പുള്ള തിരക്കഥയൊരുക്കിയിരിക്കുന്നത്.

‘മരണം സദാ വിരുന്നുകാരനായി മാറിയ ഗ്രാമം.
ദൈവത്തിന്റെ ശാപം കിട്ടിയ ഭൂമി. അവിടെ മരണത്തെ കരയാതെ ചിരിച്ചു കൊണ്ട് ആഘോഷിക്കുന്ന മനുഷ്യർ. അവിടുത്തെ കഥയും കഥാപാത്രങ്ങളും. ആസിഫ് അവതരിപ്പിക്കുന്ന വൈശാഖൻ എന്ന കഥാപാത്രം മരണവീടുകളിലെ പാട്ടു വയ്പ്പുകാരനാണു. നാടുകാണിയായ വൈശാഖന്റെ മുത്തച്ഛൻ ജിപ്സിയായി ലാൽ എത്തുന്നു.
കളിക്കൂട്ടുകാരിയും മനസ്സറിഞ്ഞ പ്രണയവുമായി മഡോണ അവതരിപ്പിക്കുന്ന ഫിദയുടെ കഥാപാത്രം. ജിന്ന് സേവക്കാരന്റെ നർമ്മങ്ങളുമായി സിദ്ധിഖ് ഇക്കയുടെ മികച്ച പ്രകടനം.
ഇതിവർക്കിടയിൽ നടക്കുന്ന കഥയാണ്. അവർ പോലുമറിയാതെ ചുറ്റിലും നിറയുന്ന ആത്മാക്കളുടെ കഥയാണ്.
ഇതിൽ ആത്മാക്കളുടെ സംഗീതമുണ്ട്.
അവരുടെ സൗഹൃദമുണ്ട്.
ജീവിതം ബാക്കി വച്ചു പോയ പ്രണയമുണ്ട്.

ദേശത്തിന്റെ നാട്ടുകാഴ്ച്ചകളെ അതിമനോഹരമായി പകർത്തിയ അഖിൽ ജോർജിന്റെ കാമറ കണ്ണുകൾ മികച്ച അഭിനന്ദനം അർഹിക്കുന്നു.

മാജിക്കൽ റിയലിസവും,ഫാന്റസിയും ഒത്തിണങ്ങിയ കഥയുടെ കൃത്യമായ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള എഡിറ്റർ ഷമീർ മുഹമ്മദ് തന്റെ ജോലി ഭംഗിയാക്കിയിരിക്കുന്നു.
കഥയുടെ മൂഡിലുള്ള സംഗീതം ഒരുക്കുന്നതിൽ ഡോൺ വിൻസെന്റ് വിജയിച്ചിരിട്ടുണ്ട്.

‘ഇബ്‌ലീസ്’
ഒരു മായാ ലോകത്തിന്റെ കെട്ടുകഥകളുടെ അനുഭവമാണ്.
രണ്ട് ലോകത്തിന്റെ സൗഹൃദ,പ്രണയ കാഴ്ച്ചകൾ.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പുതുമയുടെ പുത്തൻ വഴികൾ തേടുന്ന ചിത്രം. ഒരു മുത്തശ്ശി കഥ പോലെ മനസ്സിൽ കേറുന്ന ചലച്ചിത്ര കാഴ്ച്ച.
കണ്ടിറങ്ങിയാലും ഈ ഇബ്‌ലീസ് നിങ്ങളെ വിട്ടൊഴിയില്ല

LEAVE A REPLY