മലയാള സിനിമ ഇന്ന് അനിവാര്യമായ ഒരു മാറ്റത്തി’ന്‍റെ പാതയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. താരങ്ങള്‍ അണി നിരക്കുന്ന ചിത്രങ്ങള്‍ അല്ലാതെ, നല്ല കഥ പറയുന്ന പുതുമുഖ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നവാഗതര്‍ മുഖ്യ വേഷങ്ങള്‍ ചെയ്ത്  കഴിഞ്ഞ വര്ഷം ഇറങ്ങിയ അങ്കമാലി ഡയറീസിന്‍റെ വിജയവും, ഈ വര്ഷം തുടക്കത്തില്‍ തന്നെ ഇറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ക്വീനിന്‍റെ വിജയവും , നല്ല സിനിമകളോടാണ് പ്രേക്ഷകര്‍ക്ക് എന്നും  ചായ്‌വ് എന്ന് ഓര്‍മിപ്പിക്കുന്നു. അതിനെ ഒന്നും കൂടി അടിവരയിടുന്ന ചിത്രമാണ്‌ ഇന്ന് റിലീസ് ചെയ്ത ‘ കളി ‘ എന്ന സിനിമ.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ ആഗസ്റ്റ് സിനിമാസ് മുഖ്യ വേഷങ്ങളില്‍ പുതുമുഖങ്ങളെ അണി നിരത്തുന്ന കളി കാണാന്‍ ആദ്യ ഷോയ്ക്ക് തന്നെ പ്രാന്തനും ഉണ്ടായിരുന്നു. നല്ല ഒരു സിനിമ എടുത്ത്, അത് അര്‍ഹിക്കുന്ന രീതിയില്‍ പ്രമോഷന്‍ ചെയ്ത് ജനങ്ങളിലേക്ക് എത്തിച്ചാല്‍, ആദ്യ ഷോയ്ക്ക് തന്നെ പ്രേക്ഷകര്‍ ആ ചിത്രം കാണാന്‍ വരും എന്നുള്ള വസ്തുത ഇന്ന് ഒരിക്കല്‍ കൂടി പ്രാന്തന് കാണാന്‍ കഴിഞ്ഞു. കളിയെ കുറിച്ചു പറയുകയാണെങ്കിൽ അപൂർവ രാഗം, ഫ്രൈഡേ ,2 countries പോലെയുള്ള ഒട്ടേറെ നല്ല സിനിമകളുടെ എഴുത്തുപുരയിലെ പ്രധാന സാന്നിദ്ധ്യമായിരുന്ന നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി. തന്റെ ആദ്യ സിനിമയിൽ താരങ്ങൾക്ക് പിറകെ പോകാതെ, കഥയ്ക്ക് അനുയോജ്യമായി രീതിയിൽ വളർന്നു വരുന്ന പുത്തൻ ചെറുപ്പക്കാരെ മുഖ്യ കഥാപാത്രങ്ങളാക്കിയാണ് കളി എന്ന സിനിമ നജീം കോയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. ഷെബിൻ ബെന്സന്, ശാലു റഹിം, ഇന്ത്യൻ , അനിൽ തുടങ്ങിയ അഭിനേതാക്കളെ  ഇതിനു മുൻപ് പല സിനിമകളിലും {ഇടുക്കി ഗോൾഡ്, ഹണീ ബീ 2.5, കമ്മട്ടിപ്പാടം} കഥയുടെ ഭാഗമായുള്ള കഥാപാത്രങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്. ഇവരെല്ലാം മുഖ്യ വേഷങ്ങൾ ചെയുന്ന ചിത്രമാണ് കളി. ഇവരെ കൂടാതെ മറ്റു പ്രധാന കഥാപാത്രങ്ങളായി കുക്കൂ, സിറാജ്, ഐശ്വര്യ, വിദ്യ തുടങ്ങിയ പുതുമുഖങ്ങളും കളിയിലുണ്ട്.

ആദ്യ പകുതി വളരെ ലളിതമായി, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രണയവും , സൗഹൃദവും, തമാശകളുമായി നീങ്ങുന്ന കളിയുടെ രണ്ടാം പകുതിയിൽ കളി കാര്യമായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഓരോ നിമിഷവും അടുത്തതെന്ത് സംഭവിക്കും എന്ന ഉദ്വേഗത്തോടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലറായി മാറുന്ന രണ്ടാം പകുതിയാണ് കളി എന്ന സിനിമയുടെ നട്ടെല്ല്. ഒരു ത്രില്ലറായ കൊണ്ട് തന്നെ കാണാൻ പോകുന്ന പ്രാന്തന്റെ സുഹൃത്തുക്കളുടെ ആകാംക്ഷ കളയണ്ട എന്നുള്ള കൊണ്ട് കളിയുടെ കഥയിലേക്കോ കഥാപാത്രങ്ങളിലേക്കോ കഥാ സന്ദര്ഭങ്ങളിലേക്കോ പ്രാന്തൻ കടക്കുന്നില്ല. കഥ മുന്നോട്ടു പോകുന്ന വഴികൾ പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.

ഒരു പ്രേക്ഷകന് എന്ന നിലയിൽ കളി കണ്ടിറങ്ങിയ പ്രാന്തന്, ഒട്ടും ബോർ അടിക്കാതെ , ആ സിനിമയുടെ കൂടെ മുഴുകാൻ സാധിച്ചു എന്നാണ് പറയാനുള്ളത്. കൊടുക്കുന്ന കാശിന് മുതലാകുന്ന നല്ല സിനിമ. ഉദ്വേഗം നിറഞ്ഞ കളിയുടെ ശക്തി എന്നു പറയുന്നത് തിരക്കഥയാണ്. നജീം കോയയും അറോസ് ഇർഫാനും ചേർന്ന് ഒരു Entertainer സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്തിട്ടുണ്ട്. സഹ സംവിധായകനായും ഇപ്പോൾ തന്റെ രണ്ടാമത്തെ സിനിമയുടെ എഴുത്തിൽ പങ്കാളിയായും കഴിവ് തെളിയിച്ച അറോസും അധികം വൈകാതെ തന്നെ സ്വതന്ത്ര സംവിധായകനായി കഴിവ് തെളിയിക്കാൻ കെൽപ്പുള്ള വ്യക്തിയാണ് .

കഴിഞ്ഞ ദിവസം പ്രാന്തന് നൽകിയ അഭിമുഖത്തിൽ അഭിനേതാക്കളെ ഏറ്റവും നല്ല രീതിയിൽ സിനിമയിൽ ഉപയോഗപ്പെടുത്തുന്ന സംവിധായകനാണ് നജീം കോയ എന്ന്‌ പറയുകയുണ്ടായി. അത് ശരി വെയ്ക്കുന്ന രീതിയിൽ ഉള്ള നല്ല പ്രകടനമാണ് നവഗതർ ഉൾപ്പെടുന്ന മുഖ്യ അഭിനേതാക്കൾ എല്ലാം തന്നിരിക്കുന്നത്.  അവരോടൊപ്പം തന്നെ എടുത്തു പറയേണ്ട പേരുകളാണ് ജോജു ജോർജ്ജ്, ഷമ്മി തിലകൻ തുടങ്ങിയവർ . ജോജു ജോർജ്ജിന് ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല വേഷമാണ് കളിയിൽ ഉള്ളത്. അത് നിങ്ങൾക്ക് കളി കാണുമ്പോൾ മനസ്സിലാവും. നായകന്മാരും നായികമാരും ഉൾപ്പെടുന്ന ചെറുപ്പക്കാരും സീനിയർ താരങ്ങളും ഈ സിനിമയുടെ 2 തരം അഭിനേതാക്കളുടെ നിരയാണ്. ഇവർ എല്ലാവരും ഒരു പോലെ നന്നായി അവരുടെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനുള്ളതാണ്.

ഈ സിനിമ മികച്ച രീതിയിൽ മെയ്ക്ക് ചെയ്യാൻ നജീം കോയയ്ക്ക്  ഏറ്റവും വലിയ പിന്തുണയായത്  ക്യാമറമാൻ സജിത് പുരുഷൻ, എഡിറ്റർ റഹ്മാൻ മുഹമ്മദ് എന്നിവരുടെ Involvement ആണ്. പ്രത്യേകിച്ചു രാത്രി രംഗങ്ങൾ ഉൾപ്പെടുന്ന സീനുകളെല്ലാം മികച്ചതായി എടുക്കാൻ സജിത്തിന് കഴിഞ്ഞു. സിനിമയുടെ മൂഡ് അനുസരിച്ച് അത് റഹ്മാൻ എഡിറ്റ് ചെയ്യുകയും ചെയ്തു. മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനം വ്യക്തമായി ഉറപ്പിക്കാൻ പോകുന്ന 2 ടെക്‌നീഷ്യൻസ് ആണ് ഇരുവരും എന്ന് പ്രാന്തന് ഉറപ്പുണ്ട്. സിനിമയ്ക്ക് അനുയോജ്യ മായ പാട്ടുകളും പശ്ചാത്തല സംഗീതവും രാഹുൽ രാജാണ് നൽകിയിരിക്കുന്നത്.

കളി വരും ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ ഏറ്റെടുക്കും എന്നുള്ളത് ഉറപ്പാണ്.കാരണം താരമൂല്യം അല്ല കഥാമൂല്യം ആണ് പ്രേക്ഷകർ എന്നും നോക്കുന്നത് എന്നുള്ള വസ്തുത ഇപ്പോൾ കൂടുതൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ആ രീതിയിൽ നോക്കുകയാണെങ്കിൽ കളി ഏവരേയും രസിപ്പിക്കുന്ന ഒരു പെര്ഫെക്ക്റ്റ് എന്റർടെയ്നറാണ്. കളിയുടെ വിജയത്തിന്റെ അവകാശം സംവിധായകൻ നജീം കോയയ്ക്കും ആഗസ്റ്റ് സിനിമാസിനും അവകാശപ്പെട്ടതാണ്. വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുക്കുന്ന ആഗസ്റ്റ് സിനിമാസ് ഇത് പോലെയുള്ള ഒരു നവാഗത താരം ചിത്രം നല്ല രീതിയിൽ എടുക്കാനും തിയേറ്ററിൽ  വൃത്തിയായി എത്തിക്കാനും കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ. കളിയുടെ മുന്നണിയിലും പിന്നണിയിലും  അണി നിരന്ന നവാഗതർ ഉൾപ്പെടുന്ന എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം വരും ദിവസങ്ങളിൽ ബോക്‌സ് ഓഫീസിൽ ഒരു മാറ്റത്തിന്റെ ശബ്ദമായി കളി മാറട്ടെ എന്നു ആശംസിക്കുന്നു.

ഈ കളി കുട്ടിക്കളിയല്ല, അൽപ്പം കാര്യമുള്ള കളിയാണ്. പ്രേക്ഷകരായ നിങ്ങൾ കൊടുക്കുന്ന ഓരോ രൂപയ്ക്കും മൂല്യം നൽകുന്ന ‘കളി’.

LEAVE A REPLY