നീലി/പ്രാന്തൻസ് റിവ്യൂ

‘നീലി’
മലയാളിക്ക് ഇത്രമേൽ പരിചിതമായൊരു പ്രേത നാമം ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.
നമ്മുടെയൊക്കെ കുട്ടിക്കാലത്തെ മുത്തശ്ശി കഥകളുമായി ബന്ധപ്പെട്ട് അത്രമേൽ
ചിരപരിചിതമായ പേരുകളാണ് നീലിയും കള്ളിയങ്കാടും.
കള്ളിയൻ കാട് അടക്കി വാഴുന്ന രക്തയക്ഷിയായ നീലിയെന്ന ദുരാത്മാവിന്റെ കഥ.

അത്തരത്തിലൊരു പേടിപ്പിക്കുന്ന ചരിത്രമില്ലെങ്കിലും
പേരിലെ ‘നീലി’എന്ന ഭീതി പൂർണമായും നിലനിർത്തിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന
‘നീലി’എന്ന ചിത്രം.

സൺ ആഡ്സ് and ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി സുന്ദർ മേനോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നവാഗതരായ റിയാസ് മാരാത്ത്,
മുനീർ മൊഹമ്മദുണ്ണി എന്നിവർ ചേർന്നാണ് സസ്പെൻസ് ഒട്ടും ചോരാതെയുള്ള നീലിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഒരു ഹൊറർ കഥയുടെതായ എല്ലാ ചേരുവകളും നന്നായി ചേർത്തു പ്രേക്ഷകനെ പേടിപ്പിച്ചിരുത്തും വിധം തന്നെയാണ് ചിത്രത്തിന്റെ പോക്ക്.

മമതാ മോഹൻദാസ് ആണ് നീലിയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്നും വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യുന്ന മമതയുടെ കരിയറിലെ തന്നെ വളരെ സ്വാഭാവികവും ശക്തവുമായ വേഷമാണ് നീലിയിലേത്.
മമ്തയ്‌ക്കൊപ്പം അനൂപ് മേനോനും ഒരു അന്വേഷകന്റെ ശക്തമായ വേഷത്തിൽ നീലിയിൽ എത്തുന്നുണ്ട്.
കൂടെ ബാബു രാജ്,ശ്രീകുമാർ,സിനിൽ സയ്‌നുദീൻ എന്നിവരും മികച്ച പ്രകടനം നടത്തിയിരിക്കുന്നു.

‘മമ്ത അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ മകളുടെ തിരോധാനവും,
തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു സ്ഥിരം ക്ലീഷേ പ്രേത കഥയിൽ നിന്ന് വ്യത്യസ്തമായി വളരെ ത്രില്ലിംഗ് ആയ ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടുന്ന ഹൊറർ ത്രില്ലെർ തന്നെയാണ് അൽത്താഫ് അവതരിപ്പിച്ചിരിക്കുന്നത്.

മനോജ് പിള്ളയുടെ ഭയം കൂട്ടുന്ന കാമറ കാഴ്ച്ചകളും ശരത്തിന്റെ തരിപ്പ് കൂട്ടുന്ന പ്രേത സംഗീതവും ചിത്രത്തിന്റെ ആകാംഷ വർധിപ്പിക്കുന്നതിൽ നിർണ്ണായക ഘടകങ്ങൾ ആണ്.

വെള്ള സാരിയുടുത്ത ചരിത്രത്തിലെ കള്ളിയങ്കാട്ടു നീലിയുടെ പിന്തുടർച്ച അല്ലെങ്കിലും ഭയത്തിന്റെ കാര്യത്തിൽ ഈ ‘നീലി’
അതിനും മുകളിൽ തന്നെയാണ്.

കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനിലും മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന കമ്പ്ലീറ്റ് ഫാമിലി ഹോറോർ ത്രില്ലെർ തന്നെയാണ് നീലി

LEAVE A REPLY