കിഷോർ കുമാറിനെ ഓർമിക്കുമ്പോൾ……

ഇന്ത്യൻ സിനിമാ രംഗത്തെ, കലാരംഗത്തെ ഒരു അതുല്യ പ്രതിഭ ആയിരുന്നു കിഷോർ കുമാർ. 1929 ഓഗസ്റ്റ് 4 നായിരുന്നു ജനനം.
ഗായകൻ, സംവിധായകൻ, നടൻ, തിരക്കഥാകൃത്, നിർമാതാവ് എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു കിഷോർ കുമാർ.
അദ്ദേഹം മലയാളം അടക്കമുള്ള വിവിധ ഇന്ത്യൻ ഭാഷകളിൽ പാടി.
അദ്ദേഹത്തിന്റെ റൊമാന്റിക് സോങ്ങുകൾ വലിയ ജനപ്രീതി നേടിയവയായിരുന്നു.
വിവിധ തരത്തിലുള്ള, ഗാനങ്ങൾ മെലഡികളും ഫാസ്റ്റ് നമ്പേഴ്സും, എല്ലാം മനോഹരമായി ആലപിക്കാൻ സാധിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
രൂപ് തേരാ മസ്താനാ…
സിന്ദഗി ഏക് സഫർ…
മേരെ സപ്‌നോ കി റാണി കബ് ആയെഗീ തു…
കഭി കഭി മേരെ ദിൽ മേ…
തുടങ്ങിയ സംഗീത പ്രേമികൾ എന്നെന്നും ഓർത്തിരിക്കുന്ന ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വിരിഞ്ഞവയാണ്.
പാടുന്ന ഗാനത്തിനനുസരിച്ചു, ആ ഗാനത്തിന്റെ വികാരം ശബ്ദത്തിൽ കൊണ്ട് വരുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.


കുട്ടിയെ കളിപ്പിക്കുന്ന രംഗത്തിൽ അച്ഛനായും, കാമുകിയെ പ്രതീക്ഷിക്കുന്ന രംഗത്ത് പ്രണയാതുരനനായ കാമുകനായും, വിരഹ രംഗങ്ങളിൽ നിരാശ കാമുകനായും, അദ്ദേഹം തന്റെ ശബ്ദത്തിലൂടെ ജന മനസുകളിൽ അവതരിച്ചു.

പൗരുഷമുള്ള ശബ്ദത്തിന്റെ ഉടമയായിരുന്നു കിഷോർ കുമാർ.ചെയ്യുന്ന ജോലിക്ക് കൃത്യമായ വേതനം വേണമെന്ന് ഉള്ള നിർബന്ധ ബുദ്ധിയും ഉണ്ടായിരുന്നു.
ഒരിക്കൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമയുടെ സെറ്റിൽ കിഷോർ കുമാർ മുഖത്തു പകുതി മാത്രം മേക്കപ്പ് ഇട്ടു വന്നു.
സംവിധായകൻ കാര്യം തിരക്കിയപ്പോൾ താങ്കൾ പകുതി വേതനമേ തന്നുള്ളൂ അതു കൊണ്ട് പകുതി മേക്കപ്പ് മതി എന്ന് ഉത്തരം നൽകി.
അമിതാഭ് ബച്ചനുമായി ഒരിക്കൽ പിണങ്ങിയപ്പോൾ ഇനി ഒരിക്കലും അമിതാഭിന് വേണ്ടി പാടുകയില്ല എന്ന് പ്രഖ്യാപിച്ചു. അതിന്റെ ക്ഷീണം കരിയറിൽ രണ്ടു പേർക്കും ഉണ്ടായി. പിന്നീട് കിഷോർ കുമാർ തന്നെ മുന്നിട്ടിറങ്ങി ആ പ്രശ്നം അവസാനിപ്പിച്ചു. തനിക്ക് അനുഗ്രഹമായി കിട്ടിയ കലയെ കലാപരമായ വിപ്ലവങ്ങൾക്കും ഉപയോഗിച്ച ആൾ ആയിരുന്നു കിഷോർ കുമാർ.
മലയാളത്തിൽ അദ്ദേഹം ആദ്യമായി പാടിയത് 1977ൽ പുറത്തിറങ്ങിയ അയോദ്ധ്യ എന്ന സിനിമക്ക് വേണ്ടിയായിരുന്നു.
എ ബി സി ഡി, ചേട്ടൻ കെഡി, അനിയൻ പേടി.. അടി ഇടി പിടി….എന്ന ഗാനത്തിന്റെ
രചന പി ഭാസ്കരൻ, സംഗീതം :ജി ദേവരാജൻ മാസ്റ്റർ എന്നിവർ ചേർന്നായിരുന്നു.
1987ഒക്ടോബർ 13 ന് ഹൃദയാഘാതം മൂലമായിരുന്നു മരണം. നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ആയിരുന്നു.
ആദ്യകാല ഹിന്ദി സിനിമ നായിക മധുബാല ഭാര്യയായിരുന്നു.
ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില ഗായകരിൽ ഒരാളാണ് കിഷോർ കുമാർ.

‘ കലയിൽ കലാകാരന്റെ പങ്കാളിത്തമാണ് കലയെ ഉല്കൃഷ്ടമാക്കുന്നത്.’എന്നൊരു ചൊല്ലുണ്ട്. അങ്ങനെ നോക്കുമ്പോൾ കിഷോർ കുമാർ എത്രത്തോളം സംഭാവനയാണ് തന്റെ ഗാനങ്ങൾക്ക് നൽകിയത് എന്ന് അദ്ദേഹം ആലപിച്ച ഗാനങ്ങൾ കേട്ടാൽ മതിയാകും. ഹിന്ദുസ്‌ഥാനി സംഗീതം നിലനിൽക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ ശബ്ദവും, ഗാനങ്ങളും നില നിൽക്കുക തന്നെ ചെയ്യും.

LEAVE A REPLY