‘കാലാ’
കറുപ്പിന്റെ സൂര്യൻ /പ്രാന്തൻസ് review

“കറുപ്പ് ഉഴൈപ്പോടെ വർണ്ണം എൻ ചാലിൽ വന്ത് പാർ അഴുക്ക് അത്തനയും വർണ്ണമാ തെരിയും”

ഒരു പൂർണ്ണമായ ‘തലൈവർ’ ഷോ എന്നതിലുപരി ഇന്നിന്റെ വ്യക്തമായ രാഷ്ട്രീയ മുഖമാണ് ‘കാലാ കരികാല’

സിനിമയ്ക്ക് അകത്തും പുറത്തും ശക്തമായ രാഷ്ട്രീയം,
മുഖം മൂടികൾ ഇല്ലാതെ തുറന്നു കാട്ടുന്ന സംവിധായകനാണ് പാ രഞ്ജിത്ത്.
‘മദ്രാസ് മുതൽ കബാലിക്കു ശേഷം ഇപ്പോൾ കാലയിൽ എത്തിനിൽക്കുന്ന ‘പാ രഞ്ജിത്തിന്റെ’സിനിമകളിൽ എന്നും അതിശക്തമായൊരു രാഷ്ട്രീയത്തിന്റെ അടിത്തറയുണ്ടാകും.

‘കറുപ്പിന്റെ,
ഉഴൈപ്പിന്റെ,
തൊഴിലാളിയുടെ,
നീതിയുടെ,
സമത്വത്തിന്റെ,
മാറ്റത്തിന്റെ,
മനുഷ്യന്റെ രാഷ്ട്രീയം.

കാലയും അതെ പ്രേമേയങ്ങൾ തന്നെയാണ് ചർച്ച ചെയ്യുന്നത്.
ഇന്നിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ ‘കാലാ’ഒരുപാട് ചർച്ചകൾക്ക് തുടക്കം കുറിക്കും എന്നതിൽ സംശയമില്ല.
തീവ്ര വലതുപക്ഷത്തിനും സവർണ്ണ ഫാസിസത്തിനുമെതിരെയുള്ള ഇല്ലായ്മയുടെ ഉയർന്ന ചൂണ്ടു വിരലുകളാണ് കാലയുടെ ആത്മാവ്.
കൂട്ടിന് രജനിയുടെ ഞെട്ടിപ്പിക്കുന്ന മാസ്സ് അപ്പിയറൻസും,രോമാഞ്ചമുണർത്തുന്ന പഞ്ച് ഡയലോഗുകളും.

“ബോംബെയും ധാരാവി ചേരികളും,അവിടുത്തെ ദളിത്‌ രാഷ്ട്രീയവും അതിനെതിരെയുള്ള അധികാരി രാഷ്ട്രീയവും കെദ്രീകരിച്ചു നീങ്ങുന്ന കഥയിൽ ധാരാവിയുടെ നായകനായ കാരികാലനായി രജനിയും,എതിർചേരിയുടെ അധികാര ഫാസിസ്റ്റ് മുഖമായ ഹരിദാദയായി ‘നാനാ പടേക്കറും എത്തുന്നു.
രജനിക്കൊപ്പം ഹുമ ഖുറേഷി,സമുദ്രക്കനി,ഈശ്വരി റാവു,അഞ്ജലി പാട്ടീൽ തുടങ്ങിയ വൻ താരനിരയും ഗംഭീര പ്രകടനവുമായി ചിത്രത്തിന്റെ ഭാഗമായുണ്ട്.
ഒരു വെള്ളപൂശിയ ഇന്നിന്റെ രാഷ്ട്രീയക്കാരന്റെ എല്ലാ കൗടില്യവും കുശാഗ്രതയും ഉള്ള വില്ലൻ വേഷം
‘നാനാ പടേക്കർ’ മനോഹരമാക്കി.

കാലയുടെ ചരിത്രവും ബോംബെയുടെ ചേരി ചരിത്രത്തിലെ മദ്രാസി കുടിയേറ്റവും,തുടർന്നു പലപ്പോഴായി നടന്ന മതജാതി കലാപങ്ങളും ദളിത്‌ അടിച്ചമർത്തലുകളുമെല്ലാം വളരെകൃത്യമായി എന്നാൽ,ഒരു കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ഉൾകൊള്ളിച്ചു തന്നെ രഞ്ജിത്ത് വളരെ വിശദമായി പറഞ്ഞു.

‘സന്തോഷ് നാരായണന്റെ ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ പിൻബലത്തിൽ നിറഞ്ഞു നിന്ന മാസ്സ് സീനുകൾ അക്ഷരാർഥത്തിൽ രോമാഞ്ചമുണർത്തി. വ്യക്തമായ രാഷ്ട്രീയത്തിലും കൃത്യമായ രജനി ആഘോഷത്തിലും ചിത്രം കബാലിയെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നുണ്ട്.

നിഷേധത്തിന്റെ കപട ‘രാമ’അവതാരത്തിനു മുന്നിൽ നീതിയുടെ അഗ്നിനാളങ്ങളിൽ തിളങ്ങുന്ന സംഹാരത്തിന്റെ രാവണാവതാരമായി മാറുന്നു ‘കാലാ കരികാലൻ’
കറുത്ത സൂര്യന്റെ ഉദയത്തിനു തുടക്കം കുറിയ്ക്കുന്നു.

“ജീവിതത്തിന്റെ മാറ്റം കുറിക്കുന്ന നിറങ്ങളുടെ വിപ്ലവത്തിലാണ് കാലയുടെ അവസാനം,

“അധികാരത്തിന്റെ വെളുപ്പ് ബാധിച്ച പൊയ്‌മുഖങ്ങളെ നീതിയുടെ കറുപ്പിൽ പൊതിയുന്ന ഒരുമയുടെ ചുവപ്പൻ വിപ്ലവം”
നീതി നിഷേധത്തിന്റെ കാലത്ത് അക്രമമാണല്ലോ മികച്ച പ്രതിരോധം.

“Our is a Battle Not for wealth,nor for Power,Ours is a Battle for freedom,for Reclamation of Human Personality :
Dr BR Ambedkar”

അതെ ഇത്തരത്തിൽ ‘കാല’യും ഒരു പോരാട്ടമാണ്.
ഒരു സിനിമയ്ക്കുപരി ചില യാഥാർഥ്യങ്ങളുടെ മൂർച്ചയുള്ള ആവർത്തനമാണ്.

‘ഇരിക്കട്ടെ പ്രാന്തന്റെ വകയൊരു മാറ്റത്തിന്റെ വിപ്ലവ സല്യൂട്ട്’

LEAVE A REPLY