“കല്യാണം”
കേൾക്കുമ്പോൾ തന്നെ ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും നിറയ്ക്കുന്നൊരു വാക്ക്.’സോൾട്ട് മാങ്കോ ട്രീ’എന്ന ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കല്യാണം.
താരപുത്രന്മാരുടെ സിനിമാപ്രവേശനം ആണല്ലോ ഇപ്പോൾ മലയാള സിനിമയിലെ പുതിയ കൗതുകകരമായ ചർച്ച,ദുൽക്കറും,പ്രണവും,കാളിദാസും,ഗോകുൽ സുരേഷുമൊക്കെ വരവറിയിച്ച മേഖലയിൽ മലയാള സിനിമയുടെ അഭിമാനമായ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് ആണ് പുതിയ അരങ്ങേറ്റം.ഡബ്‌സ്മാഷ് ഫെയിം വർഷ ബൊമ്മല്ലയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.രാജേഷ് നായരുടെ കഥയിൽ സുരേഷ് മധു തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പുറമെ മുകേഷും ശ്രീനിവാസനും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയടക്കമുള്ളവരുടെ ആശിർവാദങ്ങളോടെ പുറത്തിറങ്ങിയ ചിത്രം പേര് സൂചിപ്പിക്കും പോലെത്തന്നെ കല്യാണം വിഷയമാക്കിയ ഒരു ക്ലീൻ എന്റെർറ്റൈനറാണ്.
ശ്രാവൺ മുകേഷ് ശരത് എന്നൊരു യുവകഥാപാത്രമായെത്തുന്ന ചിത്രത്തിൽ വർഷ ബൊമ്മല്ല ശാരി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ചെറുപ്പം മുതൽ ശരത്തിനു ശാരിയോടുള്ള പ്രണയവും തന്റെ പ്രണയം ശാരിയെ അറിയിക്കാൻ സുഹൃത്തുക്കളുമൊന്നിച്ചു ശരത് നടത്തുന്ന രസകരമായ സംഭവങ്ങളും,പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു പുതുമുഖത്തിന്റെ യാതൊരുവിധ വിഷമങ്ങളും ഇല്ലാതെ അങ്ങേയറ്റം അനായാസമായാണ് ശ്രാവൺ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ എനെർജിറ്റിക് ആയ അഭിനയശൈലിയിൽ നർമ്മരംഗങ്ങളെ ഒതുക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.
സാജു നവോദയ,നാരായൺകുട്ടി,ധർമജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ തുടങ്ങിയ താര നിരയുടെ കോമഡി രംഗങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
ബിനേന്ദ്ര മേനോൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ,സൂരജ് എസ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.ദുൽക്കർ സൽമാൻ അടക്കം പാടിയിരിക്കുന്ന  കല്യാണത്തിന്റെ സംഗീതം പ്രകാശ് അലക്സാണ്.കഥയുടെ ആസ്വാദ്യതയ്ക്കു അങ്ങേയറ്റം ഗുണകരമായി മാറാൻ ചിത്രത്തിലെ ഗാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ഒരു കല്യാണ വീട്ടിലെത്തുന്ന അതേ മൂഡിൽ, സന്തോഷത്തോടെ കുടുംബസമേതം  ചിരിച്ചാസ്വദിച്ചു കണ്ടിറങ്ങാവുന്ന 100% ഫാമിലി എന്റെർറ്റൈനർ  തന്നെയാണ് കല്യാണം.

LEAVE A REPLY