ഒരു കുട്ടനാടൻ ബ്ലോഗിനെതിരെ സൈബർ കുപ്രചരണം; അണിയറ പ്രവർത്തകർ നിയമ നടപടിക്ക്..
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ  ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. പ്രശസ്ത തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രത്തിനെതിരെ ഇപ്പോൾ സൈബർ കുപ്രചരണം നടക്കുകയാണ്. അതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇപ്പോൾ ഒരു കുട്ടനാടൻ ബ്ലോഗിന്റെ അണിയറ പ്രവർത്തകർ. ചില ഓൺലൈൻ സൈറ്റുകൾ ആണ് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ വ്യാജ കളക്ഷൻ പ്രചരിപ്പിക്കുന്നത്. ഒരു കുട്ടനാടൻ ബ്ലോഗിന് കളക്ഷൻ വളരെ കുറവ് ആണെന്നും ചിത്രം ഒരു പരാജയം ആണെന്നും വരുത്തി തീർക്കാൻ സൈബർ കുപ്രചരണങ്ങളിലൂടെ ചിലർ ശ്രമിക്കുകയാണെന്നും അതിനെതിരെ നിയമ പരമായി തന്നെ നീങ്ങാൻ പോവുകയാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഒരു   പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നീ മൂന്നു നായികമാർ ഉള്ള ഈ ചിത്രത്തിൽ  സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങിയവരും അഭിനയിക്കുന്നു.  ശ്രീനാഥ് ശിവശങ്കർ ഈണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. പ്രദീപ് നായർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. മമ്മൂട്ടിയുടെ ഈ വർഷത്തെ അഞ്ചാമത്തെ റിലീസ് ആയി ആണ് ഒരു കുട്ടനാടൻ ബ്ലോഗ് എത്തിയത്.

LEAVE A REPLY