“വിജയ് സൂപ്പറും പൗർണ്ണമിയും” ആസിഫലി -ജിസ് ജോയ് ടീമിന്റെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു. ഇടപ്പള്ളിയിലുള്ള ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ വച്ച് പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു.

ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജിസ്‌ ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് “വിജയ് സൂപ്പറും പൗർണ്ണമിയും “. ചിത്രത്തിന്റെ പ്രഖ്യാപനം മസ്ക്കറ്റിൽ വച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസാണ് നിർവഹിച്ചത്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്ര മാണിത്.

ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ജോഡിയുടെ ആദ്യ ചിത്രമാണിത്. ഇവർ രണ്ടു പേർക്കും പുറമെ സിദ്ദിഖ്, രഞ്ജി പണിക്കർ, ദേവൻ ,ശാന്തി കൃഷ്ണ ,കെ.പി.എ.സി ലളിതഎന്നിവരും ജിസ്‌ ജോയിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രഞ്ജി പണിക്കരും ശാന്തി കൃഷ്ണയും ആദ്യമായി ആണ് ജിസ്‌ ജോയ് ചിത്രത്തിൽ എത്തുന്നത് എങ്കിൽ ആസിഫ് അലിയെ പോലെ തന്നെ സിദ്ദിക്കിന്റെയും മൂന്നാമത്തെ ജിസ്‌ ജോയ് ചിത്രം ആണ് “വിജയ് സൂപ്പറും പൗർണ്ണമിയും “. ബൈസൈക്കിൾ തീവ്സിൽ ഒരു കള്ളനായി എത്തിയ സിദ്ദിഖ് സൺ‌ഡേ ഹോളിഡേയിൽ ഡബ്ബിങ് സിനിമകൾക്ക് ഗാനങ്ങളും സംഭാഷണവും രചിക്കുന്ന രചയിതാവ് ആയാണ് എത്തിയത്. പ്രശസ്ത സിനിമാ വിതരണ കമ്പനിയായ സൂര്യ ഫിലിംസിന്റെ എം.ഡി യായ സുനിൽ എ കെയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തിൽ ചേർത്ത് പറയാവുന്ന പേരുകളിൽ ഒന്നാണ് ജിസ് ജോയ്. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കാത്ത സംവിധായകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രമാത്രം അവരെ എന്റെർറ്റൈൻ ചെയ്യിക്കുന്ന വ്യത്യസ്തമായ ചിത്രങ്ങൾ ആണ് അദ്ദേഹം ഇതുവരെ ഒരുക്കിയ രണ്ടു ചിത്രങ്ങളും. ആദ്യരണ്ടു ചിത്രങ്ങളും നേടിയ ബോക്സ് ഓഫീസ് വിജയം അതിന്റെ സൂചനയാണ്.

2013 ൽ റിലീസ് ചെയ്ത ബൈസൈക്കിൾ തീവ്സ് ആയിരുന്നു ജിസ് ജോയ് ഒരുക്കിയ ആദ്യത്തെ ചിത്രം . ആസിഫ് അലി നായക വേഷത്തിൽ എത്തിയ ഈ ചിത്രം ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായിരുന്നു. കിടിലൻ മേക്കിങ് ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറി.

കഴിഞ്ഞ വർഷമാണ് ജിസ് ജോയ് തന്റെ രണ്ടാമത്തെ ചിത്രമായ സൺ‌ഡേ ഹോളിഡെയുമായി എത്തിയത്. ആസിഫ് അലി- അപർണ്ണ ബാലമുരളി ടീം പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റി എന്ന് മാത്രമല്ല, കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ബോക്സ് ഓഫീസ് വിജയങ്ങളിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു. നൂറു ദിവസം പ്രദർശിപ്പിച്ച ഈ സൂപ്പർ ഹിറ്റ് ചിത്രം ആസിഫ് അലിയുടെ കരിയറിലും നിർണ്ണായകമായി മാറി. ഇപ്പോഴിതാ ജിസ് ജോയ് -ആസിഫ് അലി ഭാഗ്യ ജോഡികൾ വീണ്ടും എത്തുന്നു. ഈ ചിത്രവും ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൊയ്യും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം……..

LEAVE A REPLY