സിറിയ – മരണമുറങ്ങുന്ന താഴ്‌വര

 

“കണ്ണീരു വറ്റിയ നീലക്കണ്ണുകളിൽ കണ്ടത് ദൈന്യതയായിരുന്നില്ല, മറിച്ചു,നിസ്സഹായതയുടെ തിളക്കമായിരുന്നു”

ചുടുചോരകുഴഞ്ഞ മണ്ണിന്റെ മാറിലൂടെ മരണത്തിന്റെ അപ്രതീക്ഷിത വിളിയും തേടിയവൾ നടന്നു.

മുന്നോട്ട് വച്ച ഓരോ കുഞ്ഞിക്കാലടികളിലും മരിപ്പിന്റെ ചോരത്തുള്ളികളുണ്ടായിരുന്നു.
ഓരോ ബോംബ് വീഴുമ്പോഴും അവളിൽ കൗതുകം കൂടി കൂടി വന്നു കൊണ്ടിരുന്നു.
വിളറിയ മുഖത്തിന്റെ പുഞ്ചിരി കുറച്ച് കൂടി തെളിഞ്ഞു തെളിഞ്ഞു വന്നു കൊണ്ടിരുന്നു.

അവളുടെ നിസ്സഹായതയായിരുന്നു ഒരർഥത്തിൽ അവളുടെ നീലക്കണ്ണുകളെ പ്രകാശിപ്പിച്ചിരുന്നത്.

ഉറവ വറ്റാത്ത കണ്ണുനീർ തുള്ളികൾ കരയിച്ചു കരയിച്ച്‌,
ഒടുവിലവളിൽ ആത്മാവ് നഷ്ടമായൊരു പുഞ്ചിരി സമ്മാനിച്ചു യാത്രയായി.

അച്ഛനും അമ്മയും,ഉറ്റവരും ഉടയവരുമായി എല്ലാവരെയും മരണം വിരുന്നുകാരാക്കിയപ്പോൾ ആത്മാവ് നഷ്ടപ്പെട്ടൊരു പുഞ്ചിരി സമ്മാനിക്കാനേ അവൾക്കറിയുമായിരുന്നുള്ളു.

മനുഷ്യത്വം മറന്ന മരണഭൂമികയുടെ സമ്മാനം.

സിറിയയയുടെ താഴ്‌വരയിൽ മരണം വിരുന്നു പാർക്കാൻ തുടങ്ങിയിട്ട് നാളേറെയായി രാഷ്ട്രവും രാഷ്ട്രീയവും,മരണത്തിനു ചുവപ്പ് പരവതാനി വിരിച്ചിട്ടിരിക്കുകയാണല്ലോ.

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം സിറിയയിൽ കൊല്ലപ്പെട്ടത് ‘123’ കുഞ്ഞുങ്ങളാണ്,പൊലിഞ്ഞു പോയ ഓരോ ഹൃദയത്തുടിപ്പിലും കരിഞ്ഞു വീണത് നമ്മുടെ കൂടെ മനസ്സുകളായിരുന്നു.

വീണു ചിതറുന്ന ഓരോ ബോംബുകൾക്കും പറയാൻ ഉണ്ടായിരുന്നത് ജീവനും ജീവിതവും കവർന്ന കഥകൾ മാത്രമായിരുന്നു.

നിഷ്കളങ്കതയുടെ പിഞ്ചു മുഖങ്ങൾക്കു നേരെ തിരിയുന്ന തോക്കിൻ കുഴലുകൾക്കു പിന്നിൽ, മനുഷ്യത്വം പണയം കൊടുത്തവർക്ക് പറയാനുള്ള ന്യായം എന്ത് തന്നെയായാലും, മനസാക്ഷിയുടെ മനസ്സുകളിൽ നിങ്ങൾക്കൊരിയ്ക്കലും മാപ്പില്ല.

സിറിയയയുടെ ചിത്രങ്ങളിലെല്ലാം ഓരോ മുഖങ്ങളുണ്ട്.
മനുഷ്യ ഹൃദയങ്ങളോട് അല്പം മനുഷ്യത്വം യാചിക്കുന്ന മുഖങ്ങൾ.
പട്ടിണിയും,ഭീതിയും,മരണവും മരപ്പിച്ച മനസ്സുകളിൽ സമാധാനത്തിന്റെ സംഗീതമുയരുന്ന ദിനരാത്രികൾക്കായി നന്മയുടെ നാളെയോട്,സമാധാനത്തിന്റെ നിമിഷങ്ങളോട്,സ്നേഹത്തിന്റെ ദൈവത്തോട് നമുക്കൊരുമിച്ചു പ്രാർഥിക്കാം.

ഈ മുഖങ്ങൾ എല്ലാം പ്രതീകങ്ങളാണ് മരിയ്ക്കുന്ന മനുഷ്യത്വത്തിന്റെ പ്രതീകം.” 

#സിറിയക്കൊപ്പം #സമാധാനത്തിനൊപ്പം #മനുഷ്യത്വത്തിനൊപ്പം #peace #Humanity #love

LEAVE A REPLY