നമ്മുടെ നാട്ടിലെ പഴയ ഒരു സിനിമ കൊട്ടക കാലം

ഇറ്റാലിയൻ ക്ലാസിക്കായ സിനിമ പാരഡിസോ എന്ന വിഖ്യാത ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രം ആ നാട്ടിലെ ഒരു സിനിമ കൊട്ടക ആണ്.

ഇറ്റാലിയൻ ജനതയെ, അവരുടെ സംസ്കാരത്തെ സിനിമ കൊട്ടകകൾ, അവിടെ ഓടുന്ന സിനിമകൾ,അതിലെ ആശയങ്ങൾ എങ്ങിനെ സ്വാധീനിക്കുന്നു എന്നുള്ളതിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഓസ്‌കാർ അവാർഡ് സ്വന്തമാക്കിയ സിനിമ പാരഡിസോ.

അങ്ങിനെയുള്ള സിനിമ പാരഡസോകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്..സിനിമയെ ഒരുവികാരമായി നെഞ്ചിലേറ്റിയ ആളുകളുടെ സിനിമ കാലം, കാരവൻ സംസകാരത്തിന് മുമ്പുള്ള സിനിമ കാലം..multiplexകൾക്ക് ചരിത്രം വഴിമാറുന്നതിന് മുമ്പുള്ള ആ കാലത്താണ് പ്രേം നസീറിനെയും,ജയനെയും ഒക്കെ അനിയന്മാരെ പോലെയോ ചേട്ടന്മാരെ പോലെയോ അന്നുള്ളവർ കണ്ടിരുന്നതും,അവർക്ക് ഫാൻസ്‌ അസസ്സ്യഷനുകൾ ഉണ്ടാവേണ്ടിയിരുന്നതും ആ കാലത്താണ്, ചെമ്മീനിലെ പരീക്കുട്ടിയെ കണ്ട് സ്ത്രീകളും കുട്ടികളും ആത്മാർത്ഥമായി കരഞ്ഞിരുന്നതും അന്നാണ്

ഹൈസ്കൂളും, ചായപ്പീടികയും, വെളിച്ചപാടും അമ്പലവും, മദിരസയും, പള്ളിയുമൊക്കെ ഉണ്ടെങ്കിലും നമ്മുടെ ഗ്രാമങ്ങളെ അന്ന് പൂർണതയിൽ എത്തിചിരുന്നത് ജയന്റെ അങ്ങാടി ഓടുന്ന ആ സിനിമ കൊട്ടക ആയിരിക്കും. ആ നാട്ടിലെ ഏക സോഷ്യലിസ്റ്റ് ഇടം, ബീഡി തെറുപ്പുകാരും, കൂലി പണിക്കാരും, പാടത്തെ കോരനും കോരന്റെ മുതലാളിയും, ഹൈ സ്കൂൾ അദ്ധ്യാപകനും അയാളുടെ കുടുംബവുമൊക്കെ ഒക്കെ ഒരുമിച്ച് ഇരുന്ന് ഒരേപോലെ ആസ്വദിക്കുന്ന ഒരു ഇടം.ആ ഇടത്തെ വിശ്വകലാരൂപം ചലച്ചിത്രം.

കൊട്ടകകളിൽനിന്നും ഫസ്റ്റ് ഷോയ്ക്കുള്ള ബെല്ല് മുഴങ്ങുമ്പോൾ വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന വീടുകളും, സെക്കന്റ് ഷോക്കുള്ള ബെല്ല് മുഴങ്ങുമ്പോൾ വീട്ടിലത്താഴം വിളമ്പുന്ന സ്ത്രീകളും ഉണ്ടായിരുന്ന കാലം..തറയിൽ ഇരുന്ന് പടയോട്ടം രചിച്ച സിനിമ സ്കോപ്പ് വിസ്മയവും, ബീഡിപ്പുകക്കിടയിൽ കൂടെ അതിന്റെ ഗന്ധത്തിനൊപ്പം രതിച്ചേച്ചിയുടെ പൊക്കിൾ കുഴിയും നോക്കിക്കണ്ട കാലം..

ബാഹുബലി കാലത്തെ സിനിമ കാഴ്ചകൾക്ക് അന്യമാണെങ്കിൽപോലും, mulitiplex ഉകൽ പുറംകാലുകൊണ്ട് തൊഴിച്ച് പുറത്തിരുത്തികളഞ്ഞെങ്കിലും, പറുദീസകൾ തീർത്ത ആ സ്വപ്നഭൂമികയിൽ മൊട്ടിട്ട സിനിമ എന്ന അനുഭവം, സിനിമ എന്ന സംസ്കാരം നമ്മുടെ സിനിമ ചരിത്രമാണ്, നാടിന്റെ ചരിത്രമാണ്..ആ ഭൂമികയിൽ പണ്ട് സെറീന വഹാബും കമൽ ഹാസനും കെട്ടിപ്പിടിച്ചപ്പോൾ മൊട്ടിട്ട പോലെത്തെ തീവ്രമായ പ്രണയങ്ങളും പിന്നീട് ഒരിക്കലും ഉണ്ടായും കാണില്ല, തീർച്ച…

കാരണം അവർ കണ്ടതത്രയും ദൃശ്യകല, അവർ കണ്ടതത്രേ ദൃശ്യകല!

LEAVE A REPLY