തൂവാനവും ഗന്ധർവ്വനും.

“മനസ്സിൽ പെയ്തൊഴിയാത്ത പ്രണയ മഴ,തൂവാനത്തിന്റെ നനവുള്ള ക്യാൻവാസ് അതിൽ മലയാളിയ്ക്ക് മാത്രം വായിക്കാവുന്ന അക്ഷരങ്ങൾ –
തൂവാനത്തുമ്പികൾ‘എന്ന കാലം ജയിച്ച ക്ലാസ്സിക് സൃഷ്ടിയെ വളരെ ലളിതമായി നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം.

നമ്മുടെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങിയ അക്ഷരങ്ങൾക്ക് ജീവൻ പകർന്നതും ആത്മാവിനെ ദൃശ്യമായി പകർത്തിയതും പദ്മരാജൻ എന്ന അതുല്യ പ്രതിഭയായിരുന്നു.

ഒരുപക്ഷെ ‘അക്ഷര ഗന്ധർവ്വൻ’ എന്ന വിശേഷണമാവും പപ്പേട്ടന് കുറച്ച് കൂടി അനുയോജ്യം.എന്തോ വളരെ അനന്യമായ അസാധാരണമായൊരു വശീകരണ ശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ അക്ഷരങ്ങൾക്ക്.

മലയാളവായനയുടെ അഥവാ ചലച്ചിത്ര ആസ്വാദ്യതയ്ക്കു പുതുമയുടെ, ആധുനികതയുടെ പുത്തൻ നിറം പകർന്ന അക്ഷരങ്ങൾക്കായിരുന്നു പദ്മരാജൻ വിത്തിട്ടത്.മണ്ണിലെ മനുഷ്യ ബീജങ്ങൾക്കു യാഥാർഥ്യത്തിന്റെ മുഖം ചാർത്തിക്കൊടുത്ത രചനകൾ.

തീക്ഷ്ണ ഭാവനകളെ അതെ ക്രമബദ്ധതയോടെ ആവിഷ്കരിച്ച അദ്ദേഹം നമ്മുടെ മുൻധാരണകളെ പൊളിച്ചെഴുത്തുകയാണുണ്ടായത്.ഇതുകൊണ്ടു തന്നെയാണ് പദ്മരാജൻ രചനകൾ എക്കാലവും വായക്കാരനിൽ ഒരു തരം ഗന്ധർവ്വ സാന്യധ്യം രേഖപ്പെടുത്തുന്നതും.

‘രതിയും,മരണവും,മഴയും,പ്രണയവുമെല്ലാം അതിന്റെ തീവ്രനഗ്നലാവണ്യത്തോടെ നമുക്ക് ദൃശ്യമാകുന്നു.

‘നക്ഷത്രങ്ങളെ കാവൽ,നന്മകളുടെ സൂര്യൻ,കള്ളൻ പവിത്രൻ,ഉദകപ്പോള തുടങ്ങി വലുതും ചെറുതുമായ നിരവധി നോവലുകളും തിരക്കഥകളും ചെറുകഥകളും പദ്മരാജൻ രചനകളായി പുറത്തെത്തി.

1975 ൽ ഭരതൻ പദ്മരാജൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പ്രയാണം’ ആണ് പദ്മരാജൻ തിരക്കഥ എഴുതിയ ആദ്യ ചിത്രം.
ശേഷം 36 തിരക്കഥകൾ പദ്മരാജന്റേതായി പുറത്തു വന്നു ഇതിൽ തന്നെ 18 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ നിരവധി പദ്മരാജൻ ചിത്രങ്ങൾ ഉണ്ടെങ്കിലും 1987 ൽ
“തൂവാനത്തുമ്പികൾ” പുറത്തിറങ്ങിയതിന് ശേഷം ഒരു പക്ഷെ അന്നും ഇന്നും എക്കാലവും മലയാളിയെ ഇത്രയേറെ മോഹിപ്പിച്ച പ്രണയിപ്പിച്ച മറ്റൊരു പദ്മരാജൻ ചിത്രം ഉണ്ടോയെന്നു സംശയമാണ്.

പദ്മരാജന്റെ തന്നെ “ഉദകപ്പോള” എന്ന നോവലാണ് തൂവാനത്തുമ്പികൾ എന്ന ചിത്രമായത്.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കേദ്രകഥാപാത്രമായ ജയകൃഷ്‌ണൻ ആയെത്തിയപ്പോൾ പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളുടെ ലാസ്യഭാവമായി തൂവാനവും വസന്തവും തീർത്ത പാതയിൽ ക്ലാരയെത്തി.

അന്ന് തൊട്ടിന്നോളം മലയാളി ഇത്രമേൽ മോഹിച്ചു സ്നേഹിച്ച മറ്റൊരു നായിക കഥാപാത്രം ഉണ്ടോയെന്നു സംശയമാണ്,ഒരു കാലത്തിന്റെ പ്രണയസങ്കല്പങ്ങൾ,പ്രതീക്ഷകൾ,മോഹകാമങ്ങൾ എന്നിവയ്ക്കൊക്കെ ഒരു മുഖം കൊടുക്കുകയായിരുന്നു പദ്മരാജൻ ക്ലാരയിലൂടെ.

‘തൂവാനത്തുമ്പികളിൽ കഥാപാത്രങ്ങളെല്ലാം ഓരോ പ്രതീകങ്ങൾ ആയിരുന്നു നീയും ഞാനും നമ്മളും ഉൾക്കൊള്ളുന്ന നമ്മുടെ നേർക്കാഴ്ചകളുടെ പ്രതീകങ്ങൾ.

മണ്ണാറത്തൊടിയുടെ പഠിപ്പുര കടന്ന് ഓരോ മലയാളിയും നടന്നു കയറിയത് ഒരിക്കലെങ്കിലും അവൻ അറിഞ്ഞിട്ടുള്ള അല്ലെങ്കിൽ അറിയാൻ ആഗ്രഹിച്ചിട്ടുള്ള സ്വപ്ന യാഥാർഥ്യങ്ങളിലേക്കായിരുന്നു.

“കുറച്ച് വാശിയും,കൊച്ചു ദുശ്ശീലങ്ങളും കൊറച്ചു അന്ധവിശ്വാസങ്ങളും ഉള്ള ജയകൃഷ്‌ണൻ”അതെ നാം പലരും അയാളുടെ കുസൃതികളിൽ,പ്രണയത്തിൽ,ആഘോഷങ്ങളിൽ,വേദനകളിൽ,പ്രതിസന്ധികളിൽ തിരിച്ചറിഞ്ഞത് നമ്മെ തന്നെയായിരുന്നു.

മണ്ണാറത്തൊടിയുടെ മട്ടുപ്പാവിലിരുന്നു കുസൃതിയുടെ നിഴലുപറ്റി ജയകൃഷ്‌ണൻ ആദ്യമായി ആ പേരെഴുതി ‘ക്ലാര’
അതുവരെ വരണ്ടു കിടന്നിരുന്ന കഥയുടെ ക്യാൻവാസിൽ ആദ്യമായി തൂവാനത്തിന്റെ തണുപ്പ് പടർന്നു കയറി കൈപ്പടം കൊണ്ടു തൂവാനതുള്ളികൾ ഒപ്പിയെടുത്ത് ജയകൃഷ്‌ണൻ വീണ്ടും അവളെ അക്ഷരങ്ങളിൽ വരച്ചിട്ടു.
പുറമെ മേഘക്കീറുകളെ വകഞ്ഞു മാറ്റി മണ്ണാറത്തൊടി മുറ്റത്തേക്ക് പ്രണയ ചൂടിൽ അന്നാദ്യത്തെ മഴത്തുള്ളി വീണു.

കസേരയിൽ അമർന്നിരുന്ന ജയകൃഷ്‌ണന്റെ സ്മൃതികളിൽ എവിടെയോ ഒരു മുഖത്തിളക്കം മഴയുടെ ശബ്ദം,മഴത്തുള്ളികൾ ചുവപ്പിച്ച ചുണ്ടുകൾ,മഴയിൽ അലിഞ്ഞ കണ്ണുകൾ മഴയിൽ പ്രണയം വിത്തിട്ടൊരു മഞ്ഞുതുള്ളി ‘ക്ലാര’
പിന്നീടുണ്ടായ അവളുടെ പ്രണയഭാവങ്ങളും,മോഹസങ്കല്പങ്ങളും തച്ചുടച്ചത് മലയാളിയുടെ പ്രണയ സങ്കല്പങ്ങളെയായിരുന്നു.

മുൻധാരണകളെ പൊളിച്ചെഴുതിയുള്ള പദ്മരാജൻ വേഴ്ച്ചയായിരുന്നു പിന്നീട്.ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ പുരോഗമനത്തിന്റെ,ആധുനികതയുടെ പുതിയൊരു ഭൂമിക തീർക്കുകയായിരുന്നു പദ്മരാജൻ,അന്നേവരെയുള്ള നന്മയുടെ മുഖം മൂടി നായക കഥാപാത്രങ്ങളെ അദ്ദേഹം ഉടച്ചു വാർത്തു,സ്‌ത്രീയ്‌ക്കൊരു നിലപാട് കൊടുത്തു.കാഴ്ചപ്പാടും സ്വപ്നങ്ങളും സ്വാതന്ത്ര്യവും നൽകി.

പലപ്പോഴും സമൂഹത്തിന്റെ മറപറ്റി നിന്നിരുന്ന ജീവിത യാഥാർഥ്യങ്ങൾക്കൊരു മുൻനിര വേദി നൽകി പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ജീവിത സത്യങ്ങൾക്കു നന്മയുടെ തിളക്കം നൽകി.

തൂവാനത്തിലെ തങ്ങളും,ക്ലാരയും,ജയകൃഷ്ണനുമെല്ലാം പലപ്പോഴും നമുക്ക് പരിചിതമെങ്കിലും പലപ്പോഴും ചില കപട ധാരണകളുടെ പേരിൽ നമ്മൾ അയിത്തം കല്പ്പിച്ചു മാറ്റി നിറുത്തിയിരുന്നവരാണ്.
പക്ഷെ പദ്മരാജനിലൂടെ അവർക്കു ജീവൻ വച്ചു.
കപട സദാചാരത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ചവർ നവീനതയുടെ വിശാല ലോകത്തേക്കിറങ്ങി വന്നു.

മലയാള സാഹിത്യത്തിൽ
“ഖസാഖിനു ശേഷവും ഖസാഖിനു മുന്നെയും”
എന്ന് പറയുന്നത് പോലെ തന്നെ മലയാള സിനിമയിലും “പദ്മരാജനും തൂവാനത്തുമ്പികൾക്കും,ശേഷവും അതിനു മുന്നെയും എന്ന് പറയുന്നതാണ് ഉചിതം.

മലയാളിയുടെ ചിന്തകൾക്കും,കാഴ്‌ച്ചപ്പാടുകൾക്കും നവീനതയുടെ വിശാലത പകർന്ന അക്ഷര ഗന്ധർവ്വനും കാലം കാലത്തിനായി സൂക്ഷിച്ച പഴകും തോറും വീര്യം കൂടുന്ന ‘തൂവാനത്തുമ്പികൾ’ എന്ന ചലച്ചിത്ര വീഞ്ഞിലേക്കും ഒരിയ്ക്കൽ കൂടി തിരനോട്ടം നടത്തി അവസാനിപ്പിക്കുന്നു.

“കാലം സൂക്ഷിച്ച നക്ഷത്ര പുസ്തകം – അതിൽ അക്ഷരങ്ങളെ ആവാഹിച്ച നക്ഷത്രങ്ങളുടെ കാവൽക്കാരൻ” അങ്ങേയ്ക്കു പ്രാന്തന്റെ നന്ദി,
മണ്ണിൽ മനുഷ്യന് വിത്തിട്ട സൃഷ്ടികൾ സമ്മാനിച്ചതിന്.

LEAVE A REPLY